ഉത്തര്‍പ്രദേശില്‍ ബലാല്‍സംഗ കേസിലെ പ്രധാന സാക്ഷിയായ ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കി
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബല്ല്യയില്‍ 12 വയസ്സുള്ള ദലിത് പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ വച്ച് ബലാല്‍സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കി. ബന്ധുവായ മറ്റൊരു സ്ത്രീയ ബലാല്‍സംഗം ചെയ്ത കേസിലെ പ്രധാന സാക്ഷിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. ഈ കേസില്‍ മൊഴിനല്‍കാനിരിക്കെയാണ് കൊലപാതകം. ആദ്യ കേസിലെ പ്രതിയുടെ നേതൃത്വത്തിലാണ് കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തത്. നാല് പേര്‍ക്കെതിരേ പോലിസ് കേസെടുത്തു.
ശനിയാഴ്ച വൈകീട്ടാണ് തുതുവാരി ഗ്രാമത്തില്‍ പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ വച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതായി പോലിസില്‍ വിവരം ലഭിച്ചത്. വീട്ടുകാര്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീയെ അയല്‍വാസി ബലാല്‍സംഗം ചെയ്തിരുന്നു. ഈ കേസിലെ സാക്ഷിയായിരുന്നു പെണ്‍കുട്ടി. അയല്‍വാസികളായ നാലുപേരാണ് പ്രതികളെന്നും ബലാല്‍സംഗ കേസിലെ പ്രതിയാണ് കുട്ടിയെ കൊലപ്പെടുത്താന്‍ നേതൃത്വം നല്‍കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.
ആദ്യത്തെ കേസില്‍ മൊഴി നല്‍കുന്നത് തടയാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കെട്ടിത്തൂക്കുകയായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.
സംഭവത്തില്‍ പോലിസ് ഇടപെടുന്നില്ലെന്നാരോപിച്ച് ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതികളെ പിടികൂടുമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിച്ചത്. കുട്ടിയുടെ അയല്‍വാസിയായ നാലുപേരെ പ്രതികളാക്കിയാണ് കേസെടുത്തത്.