യുപിയില്‍ ബിജെപി എംഎല്‍എയുടെ സല്‍ക്കാരത്തില്‍ പൂരിക്കൊപ്പം മദ്യവും പരിപാടി നടത്തിയത് ക്ഷേത്രത്തില്‍

ക്ഷേത്രത്തില്‍ നടന്ന ആഘോഷപരിപാടിക്കിടെ ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ നിതിന്‍ അഗര്‍വാള്‍ ഭക്ഷണപ്പൊതിക്കൊപ്പം പ്ലാസ്റ്റിക് കുപ്പികളില്‍ മദ്യം വിളമ്പിയത് വിവാദമാവുന്നു.

Update: 2019-01-08 06:15 GMT

ഹാര്‍ദോയ് (യുപി): ക്ഷേത്രത്തില്‍ നടന്ന ആഘോഷപരിപാടിക്കിടെ ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ നിതിന്‍ അഗര്‍വാള്‍ ഭക്ഷണപ്പൊതിക്കൊപ്പം പ്ലാസ്റ്റിക് കുപ്പികളില്‍ മദ്യം വിളമ്പിയത് വിവാദമാവുന്നു. കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ ഹര്‍ദായിയിലെ ശ്രാവണദേവി ക്ഷേത്രത്തില്‍ പ്രാദേശിക പാസി വിഭാഗത്തിനു വേണ്ടി നടത്തിയ പരിപാടിയിലാണ് പൂരിയോടും സബ്ജിയോടുമൊപ്പം ഓരോ കുപ്പി മദ്യവും കുട്ടികള്‍ക്കടക്കം നല്‍കിയത്. എഎന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് 'മദ്യസല്‍ക്കാരം' ചിത്രമടക്കം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

നിതിന്‍ അഗര്‍വാളിന്റെ പിതാവും സമാജ്‌വാദി പാര്‍ട്ടിയില്‍നിന്ന് ബിജെപിയിലേക്ക് അടുത്തിടെ മാറുകയും ചെയ്ത നരേഷ് അഗര്‍വാളും സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു. സംഭവം നിര്‍ഭാഗ്യകരമായിപ്പോയെന്നും ഉന്നത നേതൃത്വത്തെ ഇക്കാര്യം അറിയിക്കുമെന്നും ഹാര്‍ദോയിയെ പ്രതിനിധീകരിക്കുന്ന ബിജെപി ലോക്‌സഭാംഗം അന്‍ഷുല്‍ വര്‍മ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന നരേഷ് അഗര്‍വാള്‍ ഞങ്ങളുടെ ഒരു ആരാധനലായത്തിലാണ് സംഗമം നടത്തിയത്.

ഈ സംഭവം നിര്‍ഭാഗ്യകരമെന്നേ ഞാന്‍ പറയൂ. കാരണം നമ്മള്‍ പെന്നും പെന്‍സിലും സമ്മാനമായി നല്‍കുന്ന കുഞ്ഞുകുട്ടികള്‍ക്ക് വരെ മദ്യം നല്‍കിയിരിക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിന് ഇതെക്കുറിച്ച് പരാതി നല്‍കും. ഞാന്‍ ഇത് കേന്ദ്രനേതൃത്വത്തെ അറിയിക്കും. മാത്രമല്ല, ഇത്രയധികം അളവില്‍ മദ്യം വിതരണം ചെയ്തത് അറിയാതെ പോയത് എക്‌സൈസ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അന്‍ഷുല്‍ വര്‍മ പറഞ്ഞു.

Similar News