ഉന്നാവോ പെണ്‍കുട്ടി അപകടത്തില്‍പ്പെട്ട സംഭവം: സിബിഐ അന്വേഷണത്തിന് ശുപാര്‍ശ

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. തിങ്കളാഴ്ച രാത്രി വൈകിയാണ് ശുപാര്‍ശ കൈമാറിയത്. അപകടത്തില്‍ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

Update: 2019-07-30 03:02 GMT

ന്യൂഡല്‍ഹി: ഉന്നാവോ ബലാല്‍സംഗക്കേസിലെ ഇരയായ പെണ്‍കുട്ടിയുടെ കാറില്‍ ട്രക്കിടിച്ചുണ്ടായ അപകടത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. തിങ്കളാഴ്ച രാത്രി വൈകിയാണ് ശുപാര്‍ശ കൈമാറിയത്. അപകടത്തില്‍ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്ത് പോലിസ് സിബിഐ അന്വേഷിക്കണമെന്ന ശുപാര്‍ശ യുപി സര്‍ക്കാരിന് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനം. കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അനിശ്ചിതകാല സമരം ആരംഭിച്ചിട്ടുണ്ട്.

പീഡനക്കേസിലെ മുഖ്യപ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറും കൂട്ടാളികളുമാണ് അപകടത്തിന് പിന്നിലെന്നും പെണ്‍കുട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. എംഎല്‍എയുടെ ഭാഗത്തുനിന്ന് നേരത്തെയും ഭീഷണിയുണ്ടായിട്ടുണ്ടെന്നും കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നതായും കുടുംബം പരാതിപ്പെടുന്നു. എഫ്‌ഐആറില്‍ ഉള്‍പ്പടെയുള്ള വിവരങ്ങളും ആരോപണം സാധൂകരിക്കുന്നതാണ്. ഉന്നാവോ ബലാല്‍സംഗക്കേസ് നിലവില്‍ സിബിഐയാണ് അന്വേഷിക്കുന്നത്. ഞായറാഴ്ചയുണ്ടായ അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിച്ചിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ അഭിഭാഷകനും ചികില്‍സയിലാണ്. 

Tags:    

Similar News