ഉന്നാവോ ബലാല്‍സംഗക്കേസ്; ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹരജി തള്ളി ഹൈക്കോടതി

Update: 2026-01-19 14:49 GMT

ന്യൂഡല്‍ഹി: ഉന്നാവോ ബലാല്‍സംഗക്കേസ് പ്രതിയും ബിജെപി മുന്‍ എംഎല്‍എയുമായ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹരജി തള്ളി ഡല്‍ഹി ഹൈക്കോടതി. അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ കോടതി വിധിച്ച 10 വര്‍ഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹരജിയാണ് ഹൈക്കോടതി തള്ളിയത്.

'ശിക്ഷ സ്റ്റേ ചെയ്യാനാവശ്യമായ ഒരു കാരണവും നല്‍കിയിട്ടില്ല. അതുകൊണ്ട് ശിക്ഷ താത്ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന അപേക്ഷ നിരസിക്കുന്നു,' ജസ്റ്റിസ് രവീന്ദര്‍ ദുഡേജ പറഞ്ഞു. പ്രതി ദീര്‍ഘകാലമായി ജയില്‍വാസം അനുഭവിച്ച് വരികയാണ്. ശിക്ഷ വിധിയ്ക്കെതിരെ നിരവധി അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നു. അതുകൊണ്ട് ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്ന അപേക്ഷ അംഗീകരിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് പറഞ്ഞു. ഇനി ഫെബ്രുവരി 3 നായിരിക്കും ഇതുമായി ബന്ധപ്പെട്ട് കോടതി വാദം കേള്‍ക്കുക.

2020 മാര്‍ച്ച് 13 നാണ് അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വിചാരണ കോടതി സെന്‍ഗാറിനും സഹോദരന്‍ അതുല്‍ സിങ് സെന്‍ഗാറിനും മറ്റ് അഞ്ച് പേര്‍ക്കും 10 വര്‍ഷം കഠിനതടവും 10 ലക്ഷം രൂപ പിഴയും വിധിച്ചത്. സെന്‍ഗാറിന്റെ നിര്‍ദേശപ്രകാരമാണ് പെണ്‍കുട്ടിയുടെ പിതാവിനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് 2018 ഏപ്രില്‍ 9 ന് പോലിസ് കസ്റ്റഡിയില്‍ വച്ച് പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സെന്‍ഗാറിന് സെക്ഷന്‍ 304 പ്രകാരം മനഃപൂര്‍വമല്ലാത്ത നരഹത്യയുടെ പേരില്‍ ശിക്ഷ വിധിച്ചു.

ബലാല്‍സംഗ കേസില്‍ സെന്‍ഗാറിന്റെ കുറ്റസമ്മതവും ശിക്ഷയും ചോദ്യം ചെയ്യുന്ന അപ്പീല്‍ തീര്‍പ്പാക്കുന്നത് വരെ ഹൈക്കോടതി പ്രതിയുടെ ശിക്ഷ വിധി സ്റ്റേ ചെയ്തിരുന്നു. 2025 ഡിസംബര്‍ 23-നാണ് കോടതി ശിക്ഷാ വിധി സസ്പെന്‍ഡ് ചെയ്തത്. 2025 ഡിസംബര്‍ 29-ന് സുപ്രീം കോടതി സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്യുകയും ചെയ്തു. ഉന്നാവോ ബലാല്‍സംഗക്കേസിലെ പ്രതിക്ക് ഇടക്കാല ജാമ്യവും അനുവദിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 2017ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ഇയാള്‍. ബിജെപി നേതാവായിരുന്ന ഇയാളെ സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. 2017ലാണ് സെനഗര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തത്. ഇരയുടെ പിതാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 2020 മാര്‍ച്ച് പതിമൂന്നിന് സെനഗറിനെ പത്ത് വര്‍ഷം കഠിന തടവിന് വിധിച്ചു. പത്ത് ലക്ഷം രൂപ പിഴയും ചുമത്തി. സെനഗറിന്റെ സഹോദരന്‍ അതുല്‍ സിങ് സെനഗറിനും മറ്റ് അഞ്ച് പേര്‍ക്കും പത്ത് വര്‍ഷത്തെ തടവ് കോടതി വിധിച്ചിരുന്നു.





Tags: