ഉന്നാവോ: വാഹനാപകടം സിബിഐ അന്വേഷിക്കും
അപകടത്തില്‍ ബലാല്‍സംഗ ഇരയ്ക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും രണ്ട് അമ്മായിമാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ലഖ്‌നോ: ബിജെപി എംഎല്‍എ പ്രതിയായ ഉന്നാവോ ബലാല്‍സംഗക്കേസിലെ ഇരയും ബന്ധുക്കളും വാഹനാപകടത്തില്‍പ്പെട്ട സംഭവം സിബിഐ അന്വേഷിക്കും. അപകടത്തില്‍ ബലാല്‍സംഗ ഇരയ്ക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും രണ്ട് അമ്മായിമാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
പെണ്‍കുട്ടി ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. വെന്റിലേറ്ററിലാണെങ്കിലും രക്തസമ്മര്‍ദ്ദം സാധാരണ നിലയിലേക്ക് കൊണ്ടുവരാനായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കേസില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനെ പാര്‍ട്ടി കഴിഞ്ഞ വര്‍ഷം തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്ന് യുപി സംസ്ഥാന ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ് ചൊവ്വാഴ്ച്ച അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇതു സംബന്ധമായി ഔദ്യോഗിക പ്രസ്താവനയൊന്നും ആ സമയത്ത് പുറപ്പെടുവിച്ചിരുന്നില്ല.
കേസ് പിന്‍വലിച്ചില്ലെങ്കില്‍ കുടുംബത്തെ മുഴുവന്‍ വ്യാജ കേസില്‍ ഉള്‍പ്പെടുത്തി ജയിലില്‍ അടക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് ഈ മാസം 12നു പെണ്‍കുട്ടി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് കത്തെഴുതിയിരുന്നു.