16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം; നടപടികള്‍ പുരോഗമിക്കുന്നതായി കേന്ദ്രമന്ത്രി

Update: 2026-02-17 17:14 GMT

ന്യൂഡല്‍ഹി: രാജ്യത്ത് പതിനാറ് വയസ്സിന് താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ നീക്കം. 16 വയസ്സിന് താഴെയുള്ളവരെ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഓസ്ട്രേലിയ വിലക്കിയതിന് പിന്നാലെയാണ് ഇന്ത്യയും ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നത്. ഇതിനെ കുറിച്ച് സോഷ്യല്‍ മീഡിയ കമ്പനികളുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രായാധിഷ്ഠിത നിയന്ത്രണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ പ്രായാധിഷ്ഠിത നിയന്ത്രണങ്ങളെക്കുറിച്ചും, ഡീപ്പ്‌ഫേക്കുകളെക്കുറിച്ചും, ഇതിനെക്കുറിച്ച് ശരിയായ മാര്‍ഗം എന്താണെന്നും ചര്‍ച്ചയിലാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഡീപ്‌ഫേക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇതില്‍ നിന്ന് കുട്ടികളെയും സമൂഹത്തെയും മൊത്തത്തില്‍ സംരക്ഷിക്കുന്നതിന് ശക്തമായ നിയന്ത്രണം ആവശ്യമാണ്. നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്കപ്പുറം കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് കൂടിയാലോചനകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഡീപ്‌ഫേക്കുകളും പ്രായാധിഷ്ഠിത നിയന്ത്രണങ്ങളും കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ഈ വിഷയത്തില്‍ ഏറ്റവും ഉചിതമായ മാര്‍ഗം തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പുതിയ നിയമം വന്നാല്‍ നെറ്റ്ഫ്‌ലിക്സ്, യൂട്യൂബ്, മെറ്റ, എക്സ് ഉള്‍പ്പെടെയുള്ള ഏതൊരു കമ്പനിയും നിയമ ചട്ടക്കൂടുകള്‍ അനുസരിക്കണമെന്നും മന്ത്രി പറഞ്ഞു.

ഡീപ്‌ഫേക്കിനെതിരെ കൂടുതല്‍ ശക്തമായ നിയന്ത്രണം ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 'ഡീപ്‌ഫേക്ക് വിഷയത്തില്‍ നമുക്ക് കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. ഇത് ദിനംപ്രതി വര്‍ധിച്ചു വരുന്ന ഒരു പ്രശ്നമാണ്. തീര്‍ച്ചയായും, നമ്മുടെ കുട്ടികളെയും നമ്മുടെ സമൂഹത്തെയും ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് നിന്ന് സംരക്ഷിക്കേണ്ടതുണ്ട്. നിലവിലുള്ളതിനേക്കാള്‍ ഏത് തരത്തിലുള്ള നിയന്ത്രണമാണ് ആവശ്യമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുമായി ഞങ്ങള്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്,' മന്ത്രി പറഞ്ഞു. പാര്‍ലമെന്ററി കമ്മിറ്റിയും ഈ വിഷയം ആഴത്തില്‍ പഠിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രായാധിഷ്ഠിത നിയന്ത്രണങ്ങളുടെ ആവശ്യകത പല രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



Tags: