പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ അനുശോചിച്ച് കേന്ദ്ര മന്ത്രിസഭ; ആദരസൂചകമായി രണ്ടുമിനിറ്റ് മൗനം ആചരിച്ചു

സര്‍ക്കാരിന്റെ പേരിലും രാജ്യത്തിന്റെ പേരിലും അദ്ദേഹത്തിന്റെ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നതായും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

Update: 2020-09-01 13:02 GMT

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ കേന്ദ്ര മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി രണ്ടുമിനിറ്റ് മൗനമാചരിച്ചു. തുടര്‍ന്ന് സഭ അനുശോചനപ്രമേയം പാസാക്കി. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ കേന്ദ്രമന്ത്രിസഭ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. മികവുറ്റ പാര്‍ലമെന്ററിയനെയും സമുന്നതനായ നേതാവിനെയുമാണ് രാഷ്ട്രത്തിന് നഷ്ടമായത്. ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായും കേന്ദ്ര വിദേശകാര്യം, പ്രതിരോധം, വാണിജ്യം, ധനകാര്യം എന്നീ വകുപ്പുകളില്‍ മന്ത്രിയായും സേവനമനുഷ്ടിച്ചിരുന്ന അദ്ദേഹം സമാനതകളില്ലാത്ത ഭരണപരിചയത്തിന്റെ ഉടമയായിരുന്നു.

1935 ഡിസംബര്‍ 11ന് പശ്ചിമബംഗാളിലെ ബിര്‍ഭും ജില്ലയിലെ മിറാത്തിയെന്ന ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം ചരിത്രത്തിലും രാഷ്ട്രതന്ത്രത്തിലും ബിരുദാനന്തരബിരുദവും കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് നിയമബിരുദവും നേടി. 2012 ജൂലൈ 25ന് രാഷ്ട്രപതിയായി സ്ഥാനമേറ്റ അദ്ദേഹം തല്‍സ്ഥാനത്ത് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി. രാഷ്ട്രപതിയെന്ന നിലയില്‍ ഓഫിസിന്റെ അന്തസ് കാത്തുസൂക്ഷിച്ച അദ്ദേഹം ദേശീയ-അന്തര്‍ദേശീയ വിഷയങ്ങളില്‍ തന്റെ പാണ്ഡിത്യവും മാനുഷിക വീക്ഷണവും പ്രദര്‍ശിപ്പിച്ചു.

ദേശീയ നിര്‍മാണത്തിലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും അദ്ദേഹം നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 1997 ലെ മികച്ച പാര്‍ലമെന്റെറിയന്‍ അവാര്‍ഡ്, 2008ലെ പത്മവിഭൂഷണ്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 2019ല്‍ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം ലഭിച്ചു. നമ്മുടെ ദേശീയതയില്‍ തനതായ വ്യക്തിമുദ്ര അവശേഷിപ്പിച്ച ശേഷമാണ് അദ്ദേഹം വിടവാങ്ങിയത്. മികച്ച രാജ്യതന്ത്രജ്ഞനെയും നിപുണനായ പാര്‍ലമെന്ററിയനെയും സമുന്നതനായ ദേശീയ നേതാവിനെയുമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായത്.

പ്രണബ് മുഖര്‍ജി രാജ്യത്തിന് നല്‍കിയ സേവനങ്ങളെ ആദരിക്കുകയും അദ്ദേഹത്തിന്റെ വിയോഗത്തില്‍ കേന്ദ്രമന്ത്രിസഭ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്യുന്നു. സര്‍ക്കാരിന്റെ പേരിലും രാജ്യത്തിന്റെ പേരിലും അദ്ദേഹത്തിന്റെ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നതായും പ്രമേയം ചൂണ്ടിക്കാട്ടുന്നു. 

Tags:    

Similar News