കേന്ദ്ര ബജറ്റ് ഇന്ന്; കാര്യമായ നികുതി ഇളവിന് സാധ്യതയില്ലെന്ന് റിപോര്‍ട്ട്

കൊവിഡ് മഹാമാരിയെ നേരിടാനുള്ള കൂടുതല്‍ പദ്ധതികള്‍, തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതല്‍ തുക, കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള പ്രത്യേക സഹായം, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ മധ്യവര്‍ഗത്തെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ തുടങ്ങിയ പ്രഖ്യാപനങ്ങളുണ്ടായേക്കും.

Update: 2021-02-01 01:16 GMT

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിക്കും കര്‍ഷകപ്രക്ഷോഭത്തിനുമിടെ കേന്ദ്ര ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ 11ന് ധനമന്ത്രി നിര്‍മല സീതാരാമനാണ് പൊതുബജറ്റ് അവതരിപ്പിക്കുക. രാജ്യത്ത് ഉടലെടുത്ത രൂക്ഷമായ സാമ്പത്തിക മാന്ദ്യം മറികടക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ബജറ്റിന് നിര്‍വഹിക്കാനുള്ളത്. കൊവിഡ് മഹാമാരിയെ നേരിടാനുള്ള കൂടുതല്‍ പദ്ധതികള്‍, തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതല്‍ തുക, കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള പ്രത്യേക സഹായം, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ മധ്യവര്‍ഗത്തെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ തുടങ്ങിയ പ്രഖ്യാപനങ്ങളുണ്ടായേക്കും. അതേസമയം, പൊതുബജറ്റില്‍ കാര്യമായ നികുതി ഇളവിന് സാധ്യതയില്ലെന്നാണ് റിപോര്‍ട്ടുകള്‍.

വളര്‍ച്ച ഉറപ്പാക്കാനും കര്‍ഷകരെ കൂടെ നിര്‍ത്താനുമുള്ള പ്രഖ്യാപനങ്ങളുണ്ടാവും. കര്‍ഷകപ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് കാര്‍ഷിക മേഖലയ്ക്കുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചേക്കും. 15ാം ധനകാര്യകമ്മീഷന്‍ റിപോര്‍ട്ടും ധനമന്ത്രി സഭയില്‍ വയ്ക്കും. കൊവിഡ് സെസിനുള്ള നിര്‍ദേശം വന്നാല്‍ ശക്തമായി എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഒരുവര്‍ഷത്തില്‍ മൂന്നോ നാലോ മിനിബജറ്റ് അവതരിപ്പിച്ച് കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയാവും ഇന്നത്തെ ബജറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പൊതുബജറ്റിന്റെ സ്വഭാവമെന്താവുമെന്ന സൂചന നല്‍കിയിരുന്നു.

കൊവിഡ് സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയത് വലിയ ഇടിവാണ്. എന്നാല്‍, ഇപ്പോള്‍ തിരിച്ചുവരവിന്റെ ലക്ഷണം കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ പൊതുരംഗത്ത് കൂടുതല്‍ പണം ചെലവഴിക്കുക എന്നതാണ് സര്‍ക്കാരിനു മുന്നിലുള്ള പ്രധാന നിര്‍ദേശം. ഒപ്പം വാക്‌സിനേഷന്‍ 130 കോടി ജനങ്ങളിലേക്കുമെത്തണം. ഇതിനായി കൊവിഡ് സെസ് എന്ന നിര്‍ദേശം വരുന്നുണ്ട്. തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ രാഷ്ട്രീയമായി തിരിച്ചടി ആയേക്കാവുന്ന ഈ നിര്‍ദേശം ഒഴിവക്കണമെന്ന വികാരം ഭരണകക്ഷിയിലുമുണ്ട്. ആദായനികുതി കാര്യമായി കുറയ്ക്കില്ല. എന്നാല്‍, ഭവന, ടൂറിസം മേഖലകളെ സഹായിക്കുന്ന തരത്തിലുള്ള ഇളവുകള്‍ പ്രതീക്ഷിക്കാം. അടിസ്ഥാനസൗകര്യവികസനത്തിനു പണം കണ്ടെത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ പൊതുമേഖലസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലും ധനമന്ത്രി പ്രഖ്യാപിച്ചേക്കും.

Tags: