ആണ്‍കുഞ്ഞിനെ ലഭിച്ചില്ല; ഒരു വയസ്സുകാരിക്ക് ബിസ്‌ക്കറ്റില്‍ വിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തി പിതാവ്

Update: 2025-08-11 15:35 GMT


അഗര്‍ത്തല:
ത്രിപുരയില്‍ പിതാവ് ഒരു വയസ്സുകാരിയെ വിഷം കൊടുത്ത് കൊലപ്പെടുത്തി. ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ് (ടിഎസ്ആര്‍) ഉദ്യോഗസ്ഥനായ രതീന്ദ്ര ദേബ്ബര്‍മയാണ് മകള്‍ സുഹാനിക്ക് വിഷം നല്‍കിയതെന്നാണ് ഇയാളുടെ ഭാര്യ മിതാലിയുടെ ആരോപണം. ആണ്‍കുഞ്ഞ് വേണം എന്ന ആഗ്രഹം സാധിക്കാഞ്ഞതിനാലാണ് രതീന്ദ്രയുടെ ക്രൂരകൃത്യമെന്ന് മിതാലി പോലിസിനു നല്‍കിയ പരാതിയില്‍ പറയുന്നു. പോലിസ് കസ്റ്റഡിയിലെടുത്ത രതീന്ദ്രയെ കോടതി 3 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ത്രിപുരയിലെ ഖോവായ് ജില്ലയിലുള്ള ബെഹലബാരി ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രി ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം. വിഷം ഉള്ളില്‍ ചെന്ന കുട്ടിയെ ആദ്യം ഖോവായ് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തലസ്ഥാനമായ അഗര്‍ത്തലയിലെ ജിബി ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബിസ്‌ക്കറ്റിലാണ് രതീന്ദ്ര മകള്‍ക്ക് വിഷം കലര്‍ത്തി നല്‍കിയതെന്ന് മിതാലി പറയുന്നു. ''ഭര്‍ത്താവ് എപ്പോഴും ഒരു മകനെ ആഗ്രഹിച്ചിരുന്നു. രണ്ടു പെണ്‍മക്കളെ പ്രസവിച്ചതില്‍ എന്നോട് വെറുപ്പ് പ്രകടിപ്പിച്ചിരുന്നു. എന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയപ്പോഴായിരുന്നു ക്രൂരകൃത്യം നടന്നത്.

മകളെയും സഹോദരിയുടെ മകനെയും കടയിലേക്ക് ബിസ്‌ക്കറ്റ് വാങ്ങാന്‍ രതീന്ദ്ര കൊണ്ടുപോയി. ബിസ്‌ക്കറ്റ് കഴിച്ച ശേഷം മകള്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടാന്‍ തുടങ്ങി. അവളുടെ വായില്‍ നിന്ന് മരുന്നിന്റെ രൂക്ഷഗന്ധം വന്നു. അവള്‍ക്ക് ഇത്രയധികം അസുഖം വരാന്‍ എന്താണ് കഴിച്ചതെന്ന് ചോദിച്ചുകൊണ്ട് ഞാന്‍ ഭര്‍ത്താവിനെ ചോദ്യം ചെയ്തു. വിഷം കൊടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്റെ മകള്‍ ജീവനോടെയില്ല.'' മിതാലി പറഞ്ഞു.