മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനായില്ല; മണിപ്പൂരില്‍ രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യത

Update: 2025-02-10 16:56 GMT

ന്യൂഡല്‍ഹി: ബീരേന്‍ സിങ്ങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതയേറുന്നു. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ ബിജെപി എംഎല്‍എമാര്‍ക്കിടയില്‍ സമവായം എത്താനായില്ലെങ്കില്‍ പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കും. ബീരേന്റെ രാജി കൊണ്ട് പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും പ്രത്യേക ഭരണസംവിധാനം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടിട്ടില്ലെന്നും കുക്കി സംഘടന പ്രതികരിച്ചു.

ഇന്നലെ ബിജെപി എംഎല്‍എമാരുടെ യോഗം ചേര്‍ന്നെങ്കിലും അടുത്ത മുഖ്യമന്ത്രിയ സംബന്ധിച്ച് സമവായമായില്ല. വീണ്ടും പാര്‍ട്ടി എംഎല്‍എമാരുടെ യോഗം ചേരുമെന്നാണ് വിവരം. ബിരേന്റെ പിന്‍ഗാമിയെ ചൊല്ലി വലിയ ചേരിപ്പോര് എംഎല്‍എമാര്‍ക്കിടയിലുണ്ട്. സ്പീക്കര്‍ ടി എസ് സിങ്ങിനെ പിന്തുണയ്ക്കുന്ന ഒരു പക്ഷവും ബീരേന്‍ സിങ്ങ് അനുകൂലികള്‍ മറുവശത്തുമായാണ് ചരടുവലി നടക്കുന്നത്. ടി ബിശ്വവ് ജിത്ത് സിങ്ങാണ് ബീരേന്‍ ക്യാംപിലെ പ്രധാനി.

എന്നാല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ ശാരദ ദേവിയുടെ നിലപാടും അടുത്ത മുഖ്യമന്ത്രിയുടെ കാര്യത്തില്‍ നിര്‍ണ്ണായകമാണ്. സഖ്യകക്ഷികളുടെയും പാര്‍ട്ടിയിലെ 10 കുക്കി എംഎല്‍എമാരുടെയും പിന്തുണയും ഉറപ്പാക്കണം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിജെപി എംപി സംബിത് പാത്ര ചര്‍ച്ചകള്‍ക്കായി മണിപ്പൂരില്‍ തുടരുകയാണ്. സമവായം അകലെയാണെങ്കില്‍ മൂന്ന് മാസത്തേക്ക് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തും. ഇതിനുള്ളില്‍ കുക്കി സംഘടനകളുമായി ധാരണയില്‍ എത്താനാണ് കേന്ദ്രശ്രമം.




Tags: