ജമ്മു കശ്മീർ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്; സ്വതന്ത്രമായി പ്രചാരണം നടത്താൻ അനുവദിക്കുന്നില്ല: ​ഗുപ്കർ സഖ്യം

ബിജെപി, കിങ്സ് പാർട്ടി സ്ഥാനാർത്ഥികൾക്ക് അവരുടെ അനുയായികൾക്കും വ്യക്തിഗത സുരക്ഷയും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും നൽകിയിട്ടുണ്ട്.

Update: 2020-11-20 11:21 GMT

ശ്രീനഗർ: കശ്മീരിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ​തങ്ങളുടെ സ്ഥാനാർത്ഥികളെ സ്വതന്ത്രമായി പ്രചാരണം നടത്തുവാൻ അനുവദിക്കുന്നില്ലെന്ന് ​ഗുപ്കർ സഖ്യം. സുരക്ഷയുടെ പേരിൽ തങ്ങളുടെ നേതാക്കളെ വിദൂര ഹോട്ടലുകളിൽ പാർപ്പിക്കുന്നുവെന്നും നിരവധി നിയന്ത്രണങ്ങൾ കാരണം സ്വതന്ത്രമായി പ്രചാരണം നടത്താനാകില്ലെന്നും ​ഗുപ്കർ സഖ്യം അവകാശപ്പെടുന്നു.

നവംബർ 28 ന് നടക്കുന്ന ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതേ അവകാശവാദവുമായി നിരവധി സ്ഥാനാർത്ഥികൾ രം​ഗത്തുവന്നു. ഭരണകൂടം പ്രചാരണത്തിന്റെ സമയം കർശനമായി നിയന്ത്രിക്കുന്നുവെന്നും സർക്കാർ കാറിലല്ലാതെ സ്ഥാനാർത്ഥികളെ പുറത്തേക്ക് പോകാൻ പോലും അനുവദിക്കുന്നില്ലെന്നും ​ഗുപ്കർ സഖ്യം പറഞ്ഞു.

ബിജെപി, കിങ്സ് പാർട്ടി സ്ഥാനാർത്ഥികൾക്ക് അവരുടെ അനുയായികൾക്കും വ്യക്തിഗത സുരക്ഷയും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും നൽകിയിട്ടുണ്ട്. പി‌എ‌ജി‌ഡി സ്ഥാനാർത്ഥികളെ ഹോട്ടലുകളിലും ഗസ്റ്റ്‌ഹൗസുകളിലും പലയിടത്തും പൂട്ടിയിട്ടിരിക്കുകയാണെന്നും പ്രചാരണത്തിന് അനുവാദമില്ലെന്നും കശ്മീരിലെ എൻ‌സി പ്രൊവിൻഷ്യൽ പ്രസിഡന്റ് നസീർ അസ്ലം വാനി പറഞ്ഞു.

ജമ്മു കശ്മീരിലെ സ്ഥിതി സമാധാനപരമാണെന്ന ഭരണകൂടത്തിന്റെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും അവകാശവാദങ്ങൾ തെറ്റാണെന്നും അല്ലെങ്കിൽ അവർ ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നും എൻ‌സി നേതാവ് പറഞ്ഞു. ഒന്നുകിൽ സാഹചര്യം സുരക്ഷിതമാണ്, അവർ അവകാശപ്പെടുന്നതുപോലെ, സ്ഥാനാർത്ഥികളെ പ്രചരണം നടത്താൻ അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.