'ഇപ്പോള്‍ ജിന്നയില്ല, പക്ഷേ രാഹുല്‍ ജിന്നയും പ്രിയങ്ക ജിന്നയുമുണ്ട്'; വിവാദപ്രസ്താവനയുമായി ഉമാഭാരതി
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്‌ക്കെതിരേയും ഉമാഭാരതി രംഗത്തെത്തി. സോണിയയുടെ പിതാവ് ഇറ്റലിയില്‍ മുസോളിനിയുടെ സൈന്യത്തിലെ അംഗമാണെന്ന് ഞങ്ങള്‍ ആരെങ്കിലും പറഞ്ഞോയെന്നായിരുന്നു ഉമാഭാരതിയുടെ ചോദ്യം.
ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരേ വിവാദപ്രസ്താവനയുമായി ബിജെപി നേതാവ് ഉമാഭാരതി രംഗത്ത്. ഇപ്പോള്‍ മുഹമ്മദലി ജിന്നയില്ല എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, രാഹുല്‍ ജിന്നയും പ്രിയങ്ക ജിന്നയുമുണ്ട്. ഇവരാണ് പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ മുസ്‌ലിംകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. മുസ്‌ലിംകള്‍ക്കിടയില്‍ ഭയം വളര്‍ത്തുകയും അസ്വസ്ഥത സൃഷ്ടിക്കുകയുമാണ് അവര്‍ ചെയ്യുന്നത്. പൗരത്വ ഭേദഗതിയുടെ കാര്യത്തില്‍ പ്രതിപക്ഷം അഭ്യൂഹങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഉമാഭാരതി പറഞ്ഞു. മധ്യപ്രദേശില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ഉമാഭാരതി ആഞ്ഞടിച്ചത്.
പൗരത്വ ഭേദഗതി നിയമം കാരണം ആര്‍ക്കും ഒരു പ്രശ്‌നവുമുണ്ടാവില്ല. ഇത് ഇന്ത്യന്‍ പൗരന്‍മാരുടെ അവകാശങ്ങളെ ബാധിക്കില്ല. പക്ഷേ, ചില ദുഷ്ടമനസ്സുള്ളവര്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണ്. അഭ്യൂഹങ്ങള്‍ കാരണം ഇന്ത്യ വിഭജിക്കപ്പെട്ടു. വിഭജനത്തില്‍നിന്ന് ആരാണ് നേട്ടമുണ്ടാക്കിയതെന്ന് പറയണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്‌ക്കെതിരേയും ഉമാഭാരതി രംഗത്തെത്തി. സോണിയയുടെ പിതാവ് ഇറ്റലിയില്‍ മുസോളിനിയുടെ സൈന്യത്തിലെ അംഗമാണെന്ന് ഞങ്ങള്‍ ആരെങ്കിലും പറഞ്ഞോയെന്നായിരുന്നു ഉമാഭാരതിയുടെ ചോദ്യം.
സോണിയ ഗാന്ധി ഞങ്ങളുടെ മരുമകളായതിനാല്‍ ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അവളെ ബഹുമാനിക്കുന്നുണ്ട്. ഞങ്ങള്‍ നിങ്ങളോട് പൗരത്വം ചോദിക്കാത്തപ്പോള്‍ ഇന്ത്യയിലെ മുസ്‌ലിംകളോട് പൗരത്വത്തെക്കുറിച്ച് എന്തിനാണ് ചോദിക്കുന്നതെന്നും ഉമാഭാരതി പറഞ്ഞു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രംഗത്തുവന്നതിനു പിന്നാലെയാണ് ഉമാഭാരതിയുടെ രൂക്ഷപ്രതികരണം. മോദിയുടെ കുടുംബത്തിലെ ആരെങ്കിലും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുണ്ടോയെന്നാണ് കമല്‍നാഥ് ചോദിച്ചത്.
