അവസാനവര്‍ഷ സര്‍വകലാശാല പരീക്ഷകള്‍ റദ്ദാക്കാന്‍ യുജിസി ശുപാര്‍ശ; മുന്‍ ഇന്റേണല്‍, സെമസ്റ്റര്‍ മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ ഗ്രേഡിങ്
അക്കാദമിക് വര്‍ഷം ആരംഭിക്കുന്നത് നീട്ടിവയ്ക്കാനും നിര്‍ദേശമുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ അക്കാദമിക് വര്‍ഷം ആഗസ്തില്‍ തുടങ്ങാനായിരുന്നു യുജിസിയുടെ നേരത്തെയുള്ള നിര്‍ദേശം. എന്നാല്‍ ഇത് ഒക്ടോബറിലേക്ക് മാറ്റണമെന്നാണ് പുതിയ നിര്‍ദേശം.
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അവസാനവര്‍ഷ സര്‍വകലാശാലാ പരീക്ഷകള്‍ റദ്ദാക്കണമെന്ന ശുപാര്‍ശയുമായി യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) പാനല്‍ രംഗത്ത്. ഇന്ത്യയിലെ മുഴുവന്‍ സര്‍വകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുനക്രമീകരിക്കുന്നതിനായി നിയോഗിച്ച യുജിസിയുടെ പാനലാണ് സര്‍ക്കാരിന് മുന്നില്‍ ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവച്ചത്. അവസാനവര്‍ഷ പരീക്ഷയ്ക്കുപകരം നേരത്തെയുള്ള ഇന്റേണല്‍ പരീക്ഷകളുടെയും സെമസ്റ്റര്‍ പരീക്ഷകളുടെയും മാര്‍ക്കുകള്‍ കണക്കിലെടുത്ത് സര്‍വകലാശാലകളും കോളജുകളും വിദ്യാര്‍ഥികളുടെ ഗ്രേഡിങ് നടത്തണമെന്ന നിര്‍ദേശവും യുജിസി മുന്നോട്ടുവയ്ക്കുന്നുണ്ട്.
മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അടുത്ത ദിവസങ്ങളില്‍ പുറപ്പെടുവിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. നേരത്തെ യുജിസി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷകള്‍ ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. എങ്കിലും അവസാനവര്‍ഷ സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തണമെന്ന് സര്‍വകലാശാലകളോട് ആവശ്യപ്പെടുകയുമുണ്ടായി. കൊവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവസാനവര്‍ഷ പരീക്ഷ നടത്താന്‍ നിര്‍വാഹമില്ലെന്ന് നിരവധി സ്ഥാപനങ്ങള്‍ അറിയിച്ചതുപ്രകാരമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുനപ്പരിശോധിക്കാന്‍ ഹരിയാന യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ആര്‍ സി കുഹാദിന്റെ നേതൃത്വത്തില്‍ യുജിസി പ്രത്യേക പാനലിന് രൂപംനല്‍കിയത്.
കൊവിഡിനെത്തുടര്‍ന്ന് മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, ഹരിയാന എന്നീ നാല് സംസ്ഥാനങ്ങള്‍ സര്‍വകലാശാല, കോളേജ് പരീക്ഷകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നു. എല്ലാ പരീക്ഷകളും റദ്ദാക്കണമെന്നും അല്ലെങ്കില്‍ മാറ്റിവയ്ക്കണമെന്നും സോഷ്യല്‍ മീഡിയകള്‍വഴി വിദ്യാര്‍ഥികള്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ച പശ്ചാത്തലത്തിലായിരുന്നു ഈ തീരുമാനം. മുന്‍പരീക്ഷകളെ അടിസ്ഥാനമാക്കി ഗ്രേഡിങ് നല്‍കുന്നതില്‍ അതൃപ്തിയുള്ള വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് വ്യാപനം കുറയുമ്പോള്‍ പരീക്ഷകള്‍ നടത്തി അവരുടെ സ്‌കോര്‍ മെച്ചപ്പെടുത്താന്‍ അവസരം നല്‍കാമെന്നും പാനല്‍ വ്യക്തമാക്കി. അക്കാദമിക് വര്‍ഷം ആരംഭിക്കുന്നത് നീട്ടിവയ്ക്കാനും നിര്‍ദേശമുണ്ട്.
കൊവിഡ് പശ്ചാത്തലത്തില്‍ അക്കാദമിക് വര്‍ഷം ആഗസ്തില്‍ തുടങ്ങാനായിരുന്നു യുജിസിയുടെ നേരത്തെയുള്ള നിര്‍ദേശം. എന്നാല്‍ ഇത് ഒക്ടോബറിലേക്ക് മാറ്റണമെന്നാണ് പുതിയ നിര്‍ദേശം. അക്കാദമിക്ക് വര്‍ഷാരംഭവും പരീക്ഷ നടത്തിപ്പും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുനപ്പരിശോധിക്കണമെന്ന് കഴിഞ്ഞദിവസം മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ യുജിസിയോട് ആവശ്യപ്പെട്ടിരുന്നു. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ പരീക്ഷ നടത്തുകയുള്ളൂവെന്നും ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്ലാതെ സ്ഥാനക്കയറ്റം നല്‍കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുജിസി പുതിയ നിര്‍ദേശം സമര്‍പ്പിച്ചതെന്നാണ് റിപോര്‍ട്ടുകള്‍. 40 ലധികം കേന്ദ്രസര്‍വകലാശാലകള്‍ക്കും നൂറുകണക്കിന് സംസ്ഥാന, സ്വകാര്യ, സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും ബാധകമാവുന്നതാണ് പുതിയ ശുപാര്‍ശകള്‍.

