സനാതന ധര്‍മ പരാമര്‍ശത്തിനെതിരെ ഉദയനിധി സ്റ്റാലിന് സമന്‍സ്

Update: 2024-01-16 11:23 GMT
പട്ന: സനാതന ധര്‍മ പരാമര്‍ശത്തില്‍ തമിഴ്നാട് യുവജനക്ഷേമ കായിക വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിന് സമന്‍സ്. പരാമര്‍ശത്തിനെതിരെ ബീഹാര്‍ കോടതിയാണ് ഉദയനിധിക്ക് സമന്‍സ് അയച്ചിരിക്കുന്നത്. പട്നയില്‍ എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടുന്ന കേസുകള്‍ പരിഗണിക്കുന്ന കോടതിയില്‍ ജനുവരി 13ന് ഹാജരാകണമെന്നാണ് സമന്‍സില്‍ കോടതി അറിയിച്ചിട്ടുള്ളത്. 2023 സെപ്റ്റംബറില്‍ ഉദയനിധി നടത്തിയ പരാമര്‍ശത്തിനെതിരെ മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് സെക്രട്ടറി കിഷോര്‍ കുനാല്‍, ഹൈക്കോടതി അഭിഭാഷകന്‍ കൗശലേന്ദ്ര നാരായണ്‍ എന്നിവരാണ് ബീഹാര്‍ കോടതിയെ സമീപിച്ചത്.

സനാതന ധര്‍മം തുടച്ചുനീക്കേണ്ടതാണെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വന്‍ വിവാദമായിരുന്നു. വിഷയം ദേശീയ തലത്തില്‍ വരെ ചര്‍ച്ചയാവുകയുണ്ടായി. സനാതന ധര്‍മത്തെ എതിര്‍ക്കുകയല്ല, മറിച്ച് ഡെങ്കിയും മലേറിയയും പോലെ ഇല്ലാതാക്കുകയാണ് വേണ്ടതെന്ന് എന്നായിരുന്നു ഉദയനിധിയുടെ പ്രസ്താവന. സനാതനം എന്ന പേര് സംസ്‌കൃതത്തില്‍ നിന്നാണ് വന്നതെന്നും സംസ്‌കൃതം തുല്യതയ്ക്കും സാമൂഹ്യനീതിക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'സനാതനം ശാശ്വതമാണ്. ആര്‍ക്കും അതിനെ ചോദ്യം ചെയ്യാന്‍ സാധിക്കില്ല. ഇതാണ് സനാതനത്തിന്റെ അര്‍ത്ഥം,' ഉദയനിധി സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.അതേസമയം ഉദയനിധി സ്റ്റാലിന്റേത് വംശഹത്യക്കുള്ള ആഹ്വാനമാണ് എന്ന ആരോപണവുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഉദയനിധി സ്റ്റാലിന് ശിക്ഷ ലഭിക്കാതെ വിടില്ല എന്ന് ആര്‍.എസ്.എസ് അനുകൂല അഭിഭാഷക കൂട്ടായ്മ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.




Tags: