കൊവിഡ്: മരണപ്പെട്ട ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം; ഹരജിയുമായി പ്രവാസി മലയാളി സുപ്രിംകോടതിയില്‍

കൊവിഡ് ബാധയേറ്റ് ഇന്ത്യയിലും വിദേശത്തുമായി നിരവധി ഇന്ത്യാക്കാരാണ് മരണപ്പെട്ടതെന്നും ഇവരുടെ ബന്ധുക്കള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ഇതിനായി പ്രത്യേക നഷ്ടപരിഹാര പദ്ധതി ആവിഷ്‌കരിക്കണം.

Update: 2020-07-12 10:04 GMT

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് സ്വന്തം രാജ്യത്തും വിദേശത്തും മരണപ്പെട്ട ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി മലയാളി സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചു. ദുബയ് ആസ്ഥാനമായുള്ള ലീഗല്‍ കണ്‍സള്‍ട്ടന്റ് ഹാഷിക് തായിക്കണ്ടിയാണ് അഡ്വ. ദീപക് പ്രകാശ് മുഖേന ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്. കൊവിഡ് ബാധയേറ്റ് ഇന്ത്യയിലും വിദേശത്തുമായി നിരവധി ഇന്ത്യാക്കാരാണ് മരണപ്പെട്ടതെന്നും ഇവരുടെ ബന്ധുക്കള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ഇതിനായി പ്രത്യേക നഷ്ടപരിഹാര പദ്ധതി ആവിഷ്‌കരിക്കണം.

കൊവിഡ് ഡ്യൂട്ടി നിര്‍വഹിക്കുന്നതിനിടയില്‍ മരണത്തിന് കീഴടങ്ങിയ പൗരന്‍മാര്‍ക്ക് ഭരണകൂടം സംരക്ഷണം നല്‍കുകയും ആശ്വാസം നല്‍കുകയും വേണം. കൊവിഡ് ഒരു ദുരന്തമായി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു. എല്ലാ ഇന്ത്യന്‍ പൗരന്‍മാരുടെയും കുടുംബത്തിന് അവരുടെ മരണസ്ഥലം പരിഗണിക്കാതെ നഷ്ടപരിഹാരം നല്‍കുകയാണ് വേണ്ടതെന്ന് അഡ്വ.ഹാഷിക് ഖലീജ് ടൈംസിനോട് പറഞ്ഞു. കൊവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അപകടകരമായ സാഹചര്യത്തില്‍ ജോലിയില്‍ ഏര്‍പ്പെടുകുയും ജീവന്‍ നഷ്ടമാവുകയും ചെയ്ത ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, മാധ്യമപ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവരുടെ കുടുംബങ്ങളെ പ്രത്യേകമായി പരിഗണിക്കണം.

വിദേശത്ത് താമസിക്കുന്ന ബഹുഭൂരിപക്ഷവും ഇന്ത്യക്കാരിലെയും കുടുംബം കഴിഞ്ഞുപോവുന്നത് ഒരാളുടെ സമ്പാദ്യംകൊണ്ടായിരിക്കും. ഇന്ത്യന്‍ കോടതികള്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം സജീവമായി ഏറ്റെടുക്കുകയും സര്‍ക്കാരുകള്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്തിട്ടുണ്ട്. കൊവിഡ് ബാധിച്ച മരണപ്പെട്ട ഇന്ത്യക്കാര്‍ക്കും അതേ പരിഗണന ലഭിക്കണം. രാജ്യത്തെ കൊവിഡ് സാഹചര്യം സംബന്ധിച്ച് തല്‍സ്ഥിതി റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണം.

കൊവിവിഡ് -19 അനുബന്ധമരണങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ നഷ്ടപരിഹാരം നല്‍കിയ വിവിധ സംഭവങ്ങളുണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സ്ഥിതി കണക്കിലെടുത്ത് ദേശീയ ദുരന്തനിവാരണ ഫണ്ട് (എന്‍ഡിആര്‍എഫ്) അല്ലെങ്കില്‍ നിലവിലുള്ള മറ്റേതെങ്കിലും ഫണ്ട് ഉപയോഗപ്പെടുത്തി 2005 ലെ ദേശീയ ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 11 പ്രകാരം സര്‍ക്കാരുകള്‍ ദേശീയ ദുരിതാശ്വാസ പദ്ധതി ആവിഷ്‌കരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. 

Tags: