ഭോപ്പാല്‍: തിളച്ച എണ്ണ വച്ചിരുന്ന പാനില്‍ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി മധ്യപ്രദേശിലെ ഭോപാലിലെ നിഷാത്പുര പ്രദേശത്തെ സാന്‍സ്‌കര്‍ ഗാര്‍ഡനിലെ കല്യാണ വിട്ടിലായിരുന്നു ദാരുണ സംഭവമുണ്ടായത്. 50 ശതമാനം പൊള്ളലേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഡോക്ടര്‍മാരുടെ പരിശ്രമം വിഫലമായി. ചൊവ്വാഴ്ച കുട്ടി മരണത്തിന് കീഴടങ്ങിയെന്ന് പോലിസ് പറഞ്ഞു.
സാന്‍സ്‌കര്‍ ഗാര്‍ഡനിലെ ഒരു വീട്ടിലെ കല്യാണ പരിപാടിയില്‍ പങ്കെടുക്കാന്‍ രക്ഷിതാക്കള്‍ക്കൊപ്പം പോയതാണ് കുട്ടി. കളിച്ചുകൊണ്ടിരുന്ന രണ്ട് വയസ്സുകാരന്‍ നിലത്ത് വെച്ചിരുന്ന ചൂടുള്ള ഓയില്‍ പാനിലിനടുത്ത് പോവുകയും അതിലേക്ക് വീഴുകയുമായിരുന്നു. കുട്ടി പാനിന്റെ അടുത്തേക്ക് പോകുന്നത് കണ്ട പിതാവ് കുട്ടിയെ മാറ്റാന്‍ ഓടിയെത്തിയെങ്കിലും, അതിനകം പാനിലേക്ക് കുട്ടി വീണിരുന്നു. പെട്ടെന്ന് തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ നിഷാത്പുര പോലിസ് കേസ് എടുത്തു. അതേസമയം കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ രക്ഷിതാക്കള്‍ വിസമ്മതിച്ചു. അപ്രതീക്ഷിതമായി സംഭവിച്ച മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും കേസിന് പോകാന്‍ താല്‍പര്യമില്ലെന്നും കുട്ടിയുടെ രക്ഷിതാക്കള്‍ അറിയിച്ചതായി പോലിസ് പറഞ്ഞു.