ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ രണ്ട് വനിതാ മാവോവാദികൾ കൊല്ലപ്പെട്ടു
അരമണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ പട്രോളിങ് സംഘം മാവോവാദി സംഘത്തെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു
ദന്തേവാഡ: ഛത്തീസ്ഗഡ് ദന്തേവാഡ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് വനിതാ മാവോവാദികൾ കൊല്ലപ്പെട്ടു. സർക്കാർ ഏഴ് ലക്ഷം രൂപ തലയ്ക്ക് വിലയിട്ട മാവോവാദി പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചരയോടെ കുവാകണ്ട പോലിസ് സ്റ്റേഷൻ പരിധിയിലുള്ള കാലേപലിനും കകാരി ഗ്രാമങ്ങത്തിനുമിടയിലുള്ള വനത്തിലാണ് വെടിവയ്പ്പ് നടന്നത്. മാവോവാദി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള പട്രോളിങ്ങിനിടയിലാണ് ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) സംഘവും മാവോവാദികളും തമ്മിൽ വെടിവയ്പ്പുണ്ടായതെന്ന് ദന്തേവാഡ പോലിസ് സൂപ്രണ്ട് അഭിഷേക് പല്ലവ പറഞ്ഞു.
അരമണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ പട്രോളിങ് സംഘം മാവോവാദി സംഘത്തെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വെടിവയ്പിനു ശേഷം രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങളും ഒരു പിസ്റ്റളും നാടൻ തോക്കും സ്ഥലത്ത് നിന്ന് കണ്ടെടുത്തു. കൊല്ലപ്പെട്ട മാവോവാദികളിലൊരാൾ മലങ്കിർ ഏരിയാ കമ്മിറ്റി അംഗം അയ്തെ മന്ദവിയാണെന്ന് പോലിസ് തിരിച്ചറിഞ്ഞു.