സ്വാതന്ത്ര്യം നേടി 74 വർഷം; ഇന്ത്യ-മ്യാൻമർ അതിർത്തിക്കടുത്തുള്ള രണ്ട് ഗ്രാമങ്ങളിൽ കുടിവെള്ളമെത്തി

മണിപ്പൂരിലെ അഭിലാഷ ജില്ലാ ആസ്ഥാനത്ത് നിന്ന് 69 കിലോമീറ്റർ അകലെയാണ് ചാൻഡൽ ഖെങ്‌ജോയ് സബ് ഡിവിഷനിലെ ഖാങ്‌ബരോൾ ഗ്രാമം

Update: 2020-10-26 08:38 GMT

ന്യൂഡൽഹി: സ്വാതന്ത്ര്യം നേടി 74 വർഷത്തിനിപ്പുറം ഇന്ത്യ-മ്യാൻമർ അതിർത്തിക്കടുത്തുള്ള രണ്ട് ഗ്രാമങ്ങളിൽ കുടിവെള്ളമെത്തി. ജൽ ജീവൻ മിഷനു കീഴിൽ രണ്ട് ജലവിതരണ പദ്ധതികൾ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് ഉദ്ഘാടനം ചെയ്തതായി ജൽ ശക്തി മന്ത്രാലയം അറിയിച്ചു.

മണിപ്പൂരിലെ അഭിലാഷ ജില്ലാ ആസ്ഥാനത്ത് നിന്ന് 69 കിലോമീറ്റർ അകലെയാണ് ചാൻഡൽ ഖെങ്‌ജോയ് സബ് ഡിവിഷനിലെ ഖാങ്‌ബരോൾ ഗ്രാമം. ഇന്തോ-മ്യാൻമർ അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. 82 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 2041 വരെ ആയിരത്തോളം വരുന്ന ജനസംഖ്യ കണക്കിലെടുത്ത് ജലവിതരണ സംവിധാനം രൂപകൽപ്പന ചെയ്തിട്ടുണ്ട്.

ജില്ലാ ആസ്ഥാനത്ത് നിന്ന് 60 കിലോമീറ്റർ അകലെയാണ് ഖെങ്‌ജോയ് സബ് ഡിവിഷനിലെ മറ്റൊരു ഗ്രാമം. ഇന്തോ-മ്യാൻമർ അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. മണിപ്പൂരിൽ 4.5 ലക്ഷത്തോളം വീടുകളുണ്ടെങ്കിലും 30,379 വീടുകളിൽ മാത്രമാണ് ടാപ്പ് വാട്ടർ കണക്ഷൻ ഉള്ളത്. 2020-21 കാലയളവിൽ 2 ലക്ഷം ടാപ്പ് കണക്ഷനുകൾ നൽകാനാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം.