മംഗളൂരുവില്‍ വിഷവാതകം ശ്വസിച്ച് മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു

Update: 2025-07-12 14:58 GMT

ബംഗളൂരു : മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍ ലിമിറ്റഡിലുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മരിച്ചു. എം.ആര്‍.പി.എല്‍. ഓപ്പറേറ്റര്‍മാരായ കോഴിക്കോട് കക്കോടി സ്വദേശി ബിജില്‍ പ്രസാദ്, ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നിന്നുള്ള ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. രാവിലെ ഇരുവരെയും എംആര്‍പിഎല്ലില്‍ ടാങ്ക് പ്ലാറ്റ്ഫോമിന് മുകളില്‍ ബോധരഹിതരായി കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിഷവാതകം ശ്വസിച്ചതാണ് മരണ കാരണം. ചോര്‍ച്ചയുണ്ടായ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ചോര്‍ച്ച പരിഹരിച്ചതായും കമ്പനി അധികൃതര്‍ അറിയിച്ചു.മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഈ അപകടത്തില്‍ മറ്റ് ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.