പാരാഗ്ലൈഡിങ്ങിനിടെ അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

Update: 2025-01-19 11:00 GMT

പനാജി: ഗോവയില്‍ പാരാഗ്ലൈഡിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. വടക്കന്‍ ഗോവയില്‍ ശനിയാഴ്ച വൈകിട്ടോടെയാണ് അപകടം ഉണ്ടായത്. പുനെ സ്വദേശിയും ഇന്‍സ്ട്രക്ടറുമാണ് അപകടത്തില്‍ മരിച്ചത്. വടക്കന്‍ ഗോവയിലെ കേറി വില്ലേജിലാണ് അപകടം ഉണ്ടായത്. പുനെ സ്വദേശിയും ഇരുപത്തിയേഴുകാരിയുമായ ശിവാനി ഡാബ്ലെ, ഇന്‍സ്ട്രക്ടറും നേപ്പാള്‍ സ്വദേശിയുമായ സുമാലി നേപ്പാളി (26) എന്നിവരാണ് മരിച്ചത്.

പാറക്കെട്ടില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ പാരാഗ്ലൈഡര്‍ നദിക്ക് സമീപത്തേക്ക് നീങ്ങി മലയിടുക്കിലേക്ക് വീണാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അപകടത്തില്‍പെട്ടവര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു.

അതേസമയം പാരാഗ്ലൈഡ് സേവനം നല്‍കിയിരുന്ന കമ്പനി അനധികൃതമായി പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന കമ്പനി ആയിരുന്നുവെന്ന് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.