സൂറത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം

Update: 2026-03-19 08:09 GMT

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ എംബ്രോയ്ഡറി യൂണിറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പൊള്ളലേറ്റതായി അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ എകദേശം 5.30 ഓടെയാണ് അപകടമുണ്ടായതെന്നാണ് റിപോര്‍ട്ട്.

സൂറത്തിലെ കപോന്ദ്ര പ്രദേശത്തുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായതെന്നും തുടര്‍ന്ന് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കെട്ടിടത്തില്‍ മൊത്തം എട്ട് സിലിണ്ടറുകളാണ് സൂക്ഷിച്ചിരുന്നത്. 'അപകടം റിപോര്‍ട്ട് ചെയ്തതിന് പിന്നാലെ തന്നെ നാല് ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ തീ ആളിപ്പടര്‍ന്നതിനാല്‍ അഗ്‌നിശമന സേന എത്തുന്നതിന് തൊട്ട് മുന്‍പ് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു', അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കെട്ടിടത്തില്‍ കുടുങ്ങിയവരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.