പഞ്ചായത്ത് പ്രസിഡന്റാകാന്‍ തടസം രണ്ടുകുട്ടികള്‍ നയം; മഹാരാഷ്ട്രയില്‍ ആറു വയസുകാരിയെ കനാലില്‍ മുക്കിക്കൊന്ന് അച്ഛന്‍

Update: 2026-02-03 06:36 GMT

നന്ദേത്: പഞ്ചായത്ത് ഭരിക്കാന്‍ തടസമായത് രണ്ട് കുട്ടികളെന്ന നിബന്ധന. ആറ് വയസ് പ്രായമുള്ള മകളെ കനാലില്‍ മുക്കിക്കൊന്ന് അച്ഛന്‍. മഹാരാഷ്ട്രയിലെ നന്ദേതില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായിരുന്നു ക്രൂരത.പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ 28കാരന് തടസമായിരുന്നത് രണ്ട് കുട്ടികള്‍ മാത്രമേ പാടുള്ളൂവെന്ന നിബന്ധനയായിരുന്നു. മഹാരാഷ്ട്രയിലെ നിയമപ്രകാരം രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാന്‍ അനുമതിയില്ല. മഹാരാഷ്ട്ര തെലങ്കാന അതിര്‍ത്തിയിലെ മുഖേദ് താലൂക്കിലെ കെരൂര്‍ സ്വദേശിയായ 28കാരനാണ് സ്വന്തം മകളെ കനാലില്‍ മുക്കി കൊന്നത്.

ജനുവരി 29നാണ് ഇയാള്‍ നിസാമബാദിലേക്ക് മകള്‍ പ്രാച്ചിയുമായി ബൈക്കില്‍ എത്തിയത്. ഇതിന് ശേഷം നിസാമാബാദിലെ ഒരു കനാലില്‍ മകളെ മുക്കിക്കൊന്ന ശേഷം തിരിച്ച് വീട്ടിലെത്തി. കുട്ടിയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പോലിസ് നല്‍കിയ ചിത്രം നാട്ടുകാരില്‍ ചിലര്‍ തിരിച്ചറിഞ്ഞതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. രണ്ട് പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമാണ് ഇയാള്‍ക്കുണ്ടായിരുന്നത്. പാണ്ഡുരംഗിന് ആദ്യം പിറന്നത് ഇരട്ട പെണ്‍കുട്ടികളായിരുന്നു. മഹാരാഷ്ട്രയില്‍ വരാന്‍ പോകുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ലക്ഷ്യമിട്ടിരുന്ന യുവാവിന് മല്‍സരാര്‍ഥിക്ക് രണ്ട് കുട്ടികള്‍ മാത്രമേ പാടുള്ളൂവെന്ന നിബന്ധന തടസമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ ആയിരുന്നു 28കാരന്‍ പദ്ധതിയിട്ടിരുന്നത്. മല്‍സരിക്കാനുള്ള ആഗ്രഹം നിലവിലെ പഞ്ചായത്ത് പ്രസിഡന്റിനോട് പറഞ്ഞപ്പോള്‍ ഒരു കുട്ടിയെ ദത്തുനല്‍കാനായിരുന്നു ഇയാള്‍ക്ക് ലഭിച്ച ഉപദേശം.

മകന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ തിരിമറി നടത്താന്‍ പൂനെയിലെ കോര്‍പ്പറേഷന്‍ ഓഫീസിനെ ഇയാള്‍ സമീപിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ഉദ്ദേശിച്ച പോലെ നടക്കാതെ വരികയായിരുന്നു. ഇതോടെയാണ് കുട്ടികളിലൊരാളെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. മകളെ കൊന്ന ശേഷം തിരിച്ച് ഗ്രാമത്തിലെത്തിയ ഇയാള്‍ കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കാനായിരുന്നു പദ്ധതി. സ്വന്തം ഗ്രാമത്തില്‍ നിന്ന് 90കിലോമീറ്റര്‍ അകലെയുള്ള കനാലിലാണ് ആറുവയസുകാരിയെ ഇയാള്‍ മുക്കിക്കൊന്നത്.

സംഭവത്തില്‍ 28കാരനേയും മക്കളെ ഉപേക്ഷിക്കാനുള്ള ആശയം നല്‍കിയ പഞ്ചായത്ത് പ്രസിഡന്റിനേയും അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ നിസാമാബാദിലുള്ള നിസാംസാഗര്‍ കനാലിലാണ് പിഞ്ചുബാലികയെ പിതാവ് കൊലപ്പെടുത്തിയത്.പാണ്ഡുരംഗ് കൊണ്ടാമംഗല എന്നയാളാണ് പിടിയിലായത്. ആദ്യം കുട്ടിയെ മറ്റാര്‍ക്കെങ്കിലും ദത്ത് നല്‍കാന്‍ ഇവര്‍ ശ്രമിച്ചിരുന്നുവെന്നും അത് നടക്കാതെ വന്നപ്പോഴാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പോലിസ് കമ്മീഷണര്‍ പി. സായ് ചൈതന്യ വിശദമാക്കിയത്.