ഇറ്റാനഗര്‍: അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 മരണം. തൊഴിലാളികളുമായി പോയ ട്രക്കാണ് അപകടത്തില്‍ പെട്ടത്. ഇന്ത്യ- ചൈന അതിര്‍ക്ക് സമീപം അഞ്ചാവ് മേഖലയില്‍ വച്ച് നിയന്ത്രണം വിട്ട് ട്രക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം.
അപകടത്തില്‍ ട്രക്കിലുണ്ടായിരുന്ന ഒരാള്‍ മാത്രമേ അതിജീവിച്ചിട്ടുള്ളൂവെന്നാണ് പ്രാഥമിക നിഗമനം. മലയോരമേഖല ആയതിനാല്‍ തന്നെ അപകടം നടന്ന വിവരം ആളുകളില്‍ ആദ്യഘട്ടത്തില്‍ അറിഞ്ഞിരുന്നില്ല. അപകടത്തില്‍ രക്ഷപ്പെട്ടയാള്‍ മലകയറി തിരികെയെത്തിയതോടെയാണ് അപകടവിവരം പുറംലോകമറിഞ്ഞത്.
13 മൃതദേഹങ്ങള്‍ ഇതിനോടകം കണ്ടെത്തിയെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. സംസ്ഥാന ദുരന്തനിവാരണ സേനയുടെയും ദുരന്ത നിവാരണസേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
അപകടത്തില്‍ പരിക്കേറ്റവരെ പുറത്തെടുക്കുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് നിലവില്‍ മുന്‍ഗണന കല്‍പിക്കുന്നതെന്നും തുടര്‍നടപടികളും പരിശോധനകളും പിന്നാലെയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.