കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണം; ഹരിയാനയില്‍ ബിജെപിക്ക് മുന്നറിയിപ്പുമായി ജെജെപി, സ്വതന്ത്ര എംഎല്‍എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു
സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് അജയ് ചൗട്ടാല ആവശ്യപ്പെടുന്നു. താങ്ങുവില സമ്പ്രദായം (മിനിമം സപ്പോര്‍ട്ട് പ്രൈസ്) തുടരുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കാര്‍ഷിക നിയമത്തില്‍ താങ്ങുവില കൂടി ഉള്‍പ്പെടുത്തണം. കര്‍ഷകര്‍ നിരാശരായി തെരുവുകളിലാണ്.
ഛണ്ഡീഗഢ്: ഡല്‍ഹിയില്‍ കര്‍ഷകപ്രക്ഷോഭം കത്തിപ്പടരുന്നതിനിടെ ഹരിയാനയില്‍ ഭരണകക്ഷിയായ ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി ഏറ്റവും വലിയ സഖ്യകക്ഷിയായ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി). സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഗൗരവമായി ചിന്തിക്കണമെന്നും എത്രയും വേഗം അതിന് പരിഹാരം കാണണമെന്നും ജെജെപി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ അജയ് ചൗട്ടാല ആവശ്യപ്പെട്ടു. അതിനിടെ, കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വതന്ത്ര എംഎല്‍എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. എംഎല്‍എ സോംവീര്‍ സാങ്‌വാന്‍ ആണ് ഭരണമുന്നണിക്കുള്ള പിന്തുണ പിന്‍വലിച്ചതായി പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് അജയ് ചൗട്ടാല ആവശ്യപ്പെടുന്നു. താങ്ങുവില സമ്പ്രദായം (മിനിമം സപ്പോര്‍ട്ട് പ്രൈസ്) തുടരുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കാര്‍ഷിക നിയമത്തില്‍ താങ്ങുവില കൂടി ഉള്‍പ്പെടുത്തണം. കര്‍ഷകര്‍ നിരാശരായി തെരുവുകളിലാണ്. കര്‍ഷകസംഘടനകളുമായി നടക്കുന്ന ചര്‍ച്ചയില്‍ ഗുണപരമായ തീരുമാനമുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകര്‍ ജെജെപിയുടെ പ്രധാന വോട്ടുബാങ്ക് ആണെന്നിരിക്കെ വിഷയത്തില്‍ അടിയന്തരപരിഹാരം വേണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്.
ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധം കൂടുതല്‍ ശക്തമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ജെജെപിയുടെ ഇടപെടല്‍. മനോഹര്‍ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള ഹരിയാന സര്‍ക്കാര്‍ പോലിസിനെ ഉപയോഗിച്ച് കണ്ണൂര്‍വാതകയും ജലപീരങ്കിയും ബാരിക്കേഡും തീര്‍ത്ത് കര്‍ഷക സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. കാര്‍ഷിക വിഷയവുമായി ബന്ധപ്പെട്ട് പഞ്ചാബിലെ സഖ്യകക്ഷി അകാലിദള്‍ ബിജെപിയ്ക്കുള്ള പിന്തുണ കഴിഞ്ഞദിവസം പിന്‍വലിച്ചതും അവര്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

