ജാട്ട് സമുദായത്തെ അധിക്ഷേപിച്ച സംഭവം: മാപ്പ് പറഞ്ഞ് ത്രിപുര മുഖ്യമന്ത്രി
വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല, ഇതാണ് ബിജെപിയുടെ മാനസികാവസ്ഥയെന്നും വിമര്‍ശിച്ചിരുന്നു.
ന്യൂഡല്‍ഹി: ഹരിയാനയിലെ ജാട്ട് സമുദായത്തെ അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ്. ട്വീറ്റിലൂടെയാണ് ബിപ്ലവ് തന്റെ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞത്. ഹരിയാനയിലെ ജാട്ടുകള്‍ക്ക് ബുദ്ധിയില്ലെന്നായിരുന്നു ബിപ്ലവിന്റെ പരാമര്‍ശം. ''എനിക്ക് ജാട്ട് സമുദായത്തില്‍പ്പെട്ട ഒട്ടേറെ സുഹൃത്തുക്കളുണ്ട്. എന്റെ അഭിപ്രായം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍, ഞാന്‍ അതില്‍ ക്ഷമ ചോദിക്കുന്നു,'' ബിപ്ലവ് ട്വീറ്റ് ചെയ്തു.
'ഹരിയാനയില്‍ ധാരാളം ജാട്ടുകളുണ്ട്. ഹരിയാനയുടെ ജാട്ടുകള്‍ക്ക് ബുദ്ധിയില്ല, പക്ഷേ ശക്തിയുണ്ട്. ബുദ്ധിയുടെ കാര്യത്തില്‍ ബംഗാളികളുമായി അവരെ താരതമ്യം ചെയ്യാന്‍ കഴിയില്ല. ബംഗാളികള്‍ ബുദ്ധിമാന്‍മാരാണെന്നാണ് ഇന്ത്യയില്‍ എല്ലായിടത്തും അറിയപ്പെടുന്നത്.'' എന്നായിരുന്നു ബിജെപി മുഖ്യമന്ത്രിയുടെ വിവാദ പ്രസംഗം. ഇതിന്റെ വീഡിയോ വൈറലായതോടെ ബിപ്ലവിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല, ഇതാണ് ബിജെപിയുടെ മാനസികാവസ്ഥയെന്നും വിമര്‍ശിച്ചിരുന്നു.