തൃണമൂല്‍ മുന്‍മന്ത്രി രാജീബ് ബാനര്‍ജി എംഎല്‍എ സ്ഥാനവും രാജിവച്ചു
രാജിക്കത്ത് കൈമാറിയതായും ജനങ്ങളെ സേവിക്കാന്‍ പാര്‍ട്ടിയധ്യക്ഷ മമത നല്‍കിയ അവസരത്തിന് കൃതജ്ഞത രേഖപ്പെടുത്തുന്നതായും രാജീബ് അറിയിച്ചു.
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ രാജീബ് ബാനര്‍ജി എംഎല്‍എ സ്ഥാനവും രാജിവച്ചു. മമത മന്ത്രിസഭയില്‍ നിന്ന് രാജിവച്ച് ഒരാഴ്ചയ്ക്കുശേഷമാണ് എംഎല്‍എ സ്ഥാനവും രാജീബ് ഒഴിയുന്നത്. വനംമന്ത്രിയായിരുന്ന രാജീബിന്റെ രാജി ബിജെപിയില്‍ ചേരുന്നതിന്റെ ഭാഗമായാണെന്ന് അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. നിയമസഭാ സ്പീക്കര്‍ക്ക് രാജീബ് രാജിക്കത്ത് കൈമാറിയിട്ടുണ്ട്. രാജിക്കത്ത് കൈമാറിയതായും ജനങ്ങളെ സേവിക്കാന്‍ പാര്‍ട്ടിയധ്യക്ഷ മമത നല്‍കിയ അവസരത്തിന് കൃതജ്ഞത രേഖപ്പെടുത്തുന്നതായും രാജീബ് അറിയിച്ചു.
തന്റെ മണ്ഡലമായ ദോംജുറിലെ ജനങ്ങളെ സേവിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമിത് ഷായുടെ കൊല്‍ക്കത്ത സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് രാജീബ് മമത മന്ത്രിസഭയില്‍നിന്ന് രാജിവച്ചത്. ഞാന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനായി തുടരും. പക്ഷേ, എന്റെ ഭാവി നീക്കം പറയാന്‍ കഴിയില്ല- എന്നായിരുന്നു രാജീബിന്റെ പ്രതികരണം. ഇതോടെയാണ് രാജീബ് ബിജെപിയിലേയ്ക്കാണെന്ന പ്രചാരണം ശക്തമായത്.
രണ്ടുതവണ രാജീവ് നിയമസഭാംഗമായിട്ടുണ്ട്. മമത മന്ത്രിസഭയില്‍നിന്ന് രാജിവച്ചതിന് പിന്നാലെ ബാനര്‍ജിയെ സ്വാഗതം ചെയ്ത് ബിജെപി രംഗത്തെത്തിയിരുന്നു. അദ്ദേഹം എന്റെ അനുജനെപ്പോലെയാണെന്നും ബിജെപിയുടെ വാതിലുകള്‍ തുറന്നിരിക്കുകയാണെന്നും മുന്‍ തൃണമൂല്‍ നേതാവും ഇപ്പോള്‍ ബിജെപി എംപിയുമായ അര്‍ജുന്‍ സിങ് പ്രതികരിച്ചിരുന്നു. കഴിഞ്ഞ ആറാഴ്ചയ്ക്കുള്ളില്‍ രാജിവച്ച മൂന്നാമത്തെ മന്ത്രി കൂടിയാണ് രാജീബ്. ചില തൃണമുല്‍ നേതാക്കള്‍ തനിക്കെതിരേ ഗൂഢാലോചന നടത്തുന്നുവെന്ന് രാജീബ് മന്ത്രിസ്ഥാനം ഒഴിയുന്നതിന് മുമ്പ് ആരോപിച്ചിരുന്നു.
