പശ്ചിമ ബംഗാളില്‍ 'ബാബരി മസ്ജിദിന്' തറക്കല്ലിട്ട് തൃണമൂല്‍ എംഎല്‍എ

Update: 2025-12-06 12:57 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബാബരി മസ്ജിദിന് തറക്കല്ലിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ. കഴിഞ്ഞ ദിവസം സസ്‌പെന്‍ഷനിലായ ഹുമയൂണ്‍ കബീര്‍ എംഎല്‍എ മുന്‍കയ്യെടുത്താണ് പള്ളി നിര്‍മിക്കുന്നത്. മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍തംഗയിലാണ് പള്ളി. ആളുകള്‍ കൂട്ടത്തോടെ ഇഷ്ടികയും സിമന്റുമായി മുദ്രാവാക്യം വിളികളോടെ വരുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. 1992 ഡിസംബര്‍ 6-ന് അയോദ്ധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മസ്ജിദ് നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഹുമയൂണ്‍ കബീര്‍ സസ്പെന്‍ഷനിലായതെന്ന് റിപോര്‍ട്ടുകളുണ്ട്. എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കനത്ത സുരക്ഷാ സംവിധാനത്തിലാണ് പള്ളിക്ക് തറക്കല്ലിട്ടത്. ഉച്ചയോടെ ഖുര്‍ആന്‍ പാരായണം നടന്നു. തുടര്‍ന്നായിരുന്നു തറക്കല്ലിടല്‍. സൗദി അറേബ്യയില്‍ നിന്നുള്ള രണ്ട് മതപുരോഹിതര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തതായി എംഎല്‍എ അവകാശപ്പെട്ടു.



ദേശീയ പാതയില്‍ ഗതാഗത തടസം ഒഴിവാക്കാന്‍ 3000 വോളണ്ടിയര്‍മാരെ സംഘാടകര്‍ നിയോഗിച്ചിരുന്നു. 40,000 പേര്‍ പങ്കെടുത്തെന്നാണ് സംഘാടകര്‍ പറയുന്നത്. കൂടാതെ 20,000 പ്രദേശവാസികളും. ഭക്ഷണത്തിന് വേണ്ടി മാത്രം 30 ലക്ഷത്തോളം രൂപ ചെലവായെന്നാണ് ഹുമയൂണ്‍ കബീറിനോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം ബജറ്റ് 70 ലക്ഷം രൂപയിലധികമായിരുന്നു.

സുരക്ഷ ഒരുക്കിയ ഉദ്യോഗസ്ഥര്‍ക്കും ജില്ലാ ഭരണകൂടത്തിനും നന്ദി പറയുന്നുവെന്ന് ഹുമയൂണ്‍ കബീര്‍ പ്രതികരിച്ചു. സൗദിയില്‍ നിന്നുള്ള പണ്ഡിതര്‍ ചടങ്ങിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങ് തടസ്സപ്പെടുത്താന്‍ ഗൂഢാലോചന നടന്നെന്ന് ഹുമയൂണ്‍ കബീര്‍ ആരോപിച്ചു. 67 ശതമാനം മുസ് ലിങ്ങള്‍ താമസിക്കുന്ന ജില്ലയാണ് മുര്‍ഷിദാബാദ്. അടുത്തിടെ, വഖഫ് ബില്ലിനെതിരെ ഇവിടെ നടന്ന സമരം സംഘര്‍ഷത്തിലെത്തുകയും മൂന്ന് പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം, എംഎല്‍എയ്ക്കെതിരേ ബിജെപി രംഗത്ത് വന്നു. മുഖ്യമന്ത്രി മമത ബാനര്‍ജി എംഎല്‍എയെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടത്തിനായി മുസ് ലിംങ്ങളെ ധ്രുവീകരിക്കുന്നു എന്ന് ബിജെപി ആരോപിച്ചു.

പള്ളി നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ട് കല്‍ക്കത്ത ഹൈക്കോടതിയില്‍ ചിലര്‍ ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, തങ്ങള്‍ ഇടപെടേണ്ടതില്ലെന്നായിരുന്നു കോടതിയുടെ തീരുമാനം. അതേസമയം, ക്രമസമാധാനം ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ബംഗാള്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ബാബരി മസ്ജിദ് തകര്‍ത്ത ദിനം ഏകതാ ദിനമായി തൃണമൂല്‍ കോണ്‍ഗ്രസ് ആചരിച്ചു.






Tags: