സ്ത്രീകൾക്ക് മാസം 5000 രൂപ, പണം അക്കൗണ്ടിലെത്തും; ഗോവയിൽ കളിക്കാനുറച്ച് തൃണമൂൽ
സാമ്പത്തിക നൊബൽ ജേതാവ് അഭിജിത് ബാനർജിയുടെ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
പനാജി: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ഗോവയിൽ വൻ പ്രഖ്യാപനവുമായി തൃണമൂൽ കോൺഗ്രസ്. സംസ്ഥാനത്ത് തൃണമൂൽ അധികാരത്തിലെത്തിയാൽ ഗൃഹലക്ഷ്‌മി പദ്ധതിയിലുടെ സ്ത്രീകൾക്ക് 5000 രൂപ നൽകും. 3.5 ലക്ഷം കുടുംബങ്ങളിലെ സ്ത്രീകൾക്കായിരിക്കും പണം നൽകുക. പ്രതിമാസം 5000 രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കുമെന്നും തൃണമൂൽ അറിയിച്ചു.
വീടുകളിലെ ഗൃഹനാഥയായ സ്ത്രീയ്ക്കായിരിക്കും ഇത്തരത്തിൽ മാസം തോറും 5000 രൂപ ലഭിക്കുക. ഈ പദ്ധതി ബംഗാളിൽ വിജയകരമായി നടപ്പാക്കിയതാണെന്നും ഗോവയിൽ 3.51 ലക്ഷം വീട്ടമ്മമാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും തൃണമൂൽ എം പി മഹുവ മൊയ്ത്ര പറഞ്ഞു. സാമ്പത്തിക നൊബൽ ജേതാവ് അഭിജിത് ബാനർജിയുടെ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു സ്ത്രീയുടെ കയ്യിൽ ഇത്രം തുക ലഭിച്ചാൽ വസ്ത്രങ്ങളും മരുന്നുകളും വാങ്ങാൻ സാധിക്കും. ഈ പണം വേഗത്തിൽ സമ്പദ് വ്യവസ്ഥയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള മാർഗം പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലേക്ക് പണമെത്തിക്കുകയെന്നതാണ്. നോട്ട് നിരോധനവും കോവിഡും സമ്പദ്‌വ്യവസ്ഥയെ ചുരുക്കിയിരിക്കുകയാണെന്നും മഹുവ മൊയ്ത്ര കൂട്ടിച്ചേർത്തു. ജാതി, സമുദായം, സാമ്പത്തികം എന്നിവ കണക്കിലെടുക്കാതെ എല്ലാവരേയും ഒരു പോലെ പരിഗണിക്കുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.