നരേന്ദ്ര മോദിയുടെ കേദാര്‍നാഥ് യാത്ര തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമെന്നു തൃണമൂല്‍ കോണ്‍ഗ്രസ്‌

Update: 2019-05-19 08:34 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാര്‍നാഥ് യാത്ര തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്. മോദി പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നു കാണിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം മെയ് 17 ന് ആറ് മണിയോടെ അവസാനിച്ചതാണ്. എന്നാല്‍ പതിനെട്ടിന് മോദി കേദാര്‍നാഥിലേക്ക് യാത്ര നടത്തി. ക്ഷേത്രത്തില്‍ എത്തിയ മോദി കേദാര്‍നാഥിനുള്ള മാസ്റ്റര്‍ പ്ലാനിനെക്കുറിച്ച് പ്രഖ്യാപനം നടത്തി. മോദി മാധ്യമങ്ങളെയും ജനങ്ങളെയും കണ്ട് സംസാരിച്ചു. ഇതെല്ലാം പെരുമാറ്റ ചട്ടലംഘനമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പറയുന്നു.

ഇന്നലെയാണ് കേദാര്‍നാഥ് സന്ദര്‍ശനത്തിനായി മോദി എത്തിയത്. ക്ഷേത്ര സന്ദര്‍ശനത്തിനുശേഷം മോദി ഗുഹയില്‍ ധ്യാനം ചെയ്യുകയും ചെയ്തിരുന്നു. അതിനുശേഷം ഇന്ന് രാവിലെയോടെയാണ് അദ്ദേഹം അവിടെ നിന്നും പുറത്തിറങ്ങിയത്. അതേസമയം സാമൂഹ്യ മാധ്യമങ്ങളില്‍ മോദിക്കെതിരേ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. പ്രകാശ് രാജ് അടക്കമുള്ള പ്രമുഖര്‍ ട്രോളുകള്‍ പോസ്റ്റ് ചെതുകൊണ്ടാണ് മോദിയെ പരിഹസിച്ചത്.

Similar News