ട്രാന്‍സ്‌ജെന്‍ഡര്‍ ബില്‍ പാസാക്കി; വ്യക്തിപരമായ താല്‍പര്യമോ സ്വയം പ്രഖ്യാപിത ലിംഗസ്വത്വമോ അംഗീകരിക്കില്ല
ന്യൂഡല്‍ഹി: പ്രതിപക്ഷ എതിര്‍പ്പിനിടെ ട്രാന്‍സ്‌ജെന്‍ഡര്‍ ബില്‍ പാസാക്കി ലോക്‌സഭ. ജനിതിക, ശാരീരിക വ്യത്യാസങ്ങള്‍ മാത്രമുള്ളവരെ ഉള്‍പ്പെടുത്തിയാണ് ബില്‍ പാസാക്കിയത്. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനു കൃത്യമായ സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പാക്കാനാണ് ഭേദഗതി എന്ന് കേന്ദ്രമന്ത്രി വീരേന്ദ്ര കുമാര്‍ പറഞ്ഞു. കിന്നര്‍, ഹിജ്ഡ, അരവാണി, ജോഗ്ത തുടങ്ങിയ സാമൂഹിക-സാംസ്‌കാരിക സ്വത്വമുള്ളവരെയോ അന്തര്‍ലിംഗ വ്യതിയാനങ്ങളുള്ളവരെയോ മാത്രമേ ഇനി ട്രാന്‍സ്ജെന്‍ഡര്‍ ആയി കണക്കാക്കൂ. വ്യക്തിപരമായ താല്‍പര്യമോ സ്വയം പ്രഖ്യാപിത ലിംഗസ്വത്വമോ ഇതിനായി അംഗീകരിക്കില്ല.
വ്യക്തിത്വം സ്ഥിരീകരിക്കുന്നതിനു ചീഫ് മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലുള്ള ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ തീവ്രത അനുസരിച്ച് കഠിനമായ ശിക്ഷകളും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
കോണ്‍ഗ്രസ്, ഡിഎംകെ, സമാജ്വാദി പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ശക്തമായി എതിര്‍ത്തു. സ്വയം ലിംഗപദവി നിര്‍ണയിക്കാനുള്ള അവകാശം ബില്ല് തകര്‍ക്കുന്നുവെന്നും ഇത് സുപ്രിം കോടതി വിധിയുടെ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു. ബില്ല് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
