ഹിമാചലില്‍ 500 അടി താഴെയുള്ള കൊക്കയിലേക്ക് വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞു, നാലു മരണം
ഷിംല: ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയില്‍ നടന്ന വാഹന അപകടത്തില്‍ നാല് വിനോദ സഞ്ചാരികള്‍ മരിച്ചു. 22 പേരുമായി പോയ ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെയായിരുന്നു (ഏപ്രില്‍ 4) നാടിനെ നടുക്കിയ സംഭവം. അപകടത്തില്‍പ്പെട്ട മറ്റ് 18 പേരെ രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബഞ്ചാര്‍ സബ് ഡിവിഷനിലെ ഘിയാഗിക്ക് സമീപമുള്ള പാതയിലാണ് അപകടമുണ്ടായത്. കുളുവില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രമായ ജലോറി പാസിലേക്ക് പോവുകയായിരുന്നു സംഘം. കുത്തനെയുള്ള ഇറക്കവും കൊടുംവളവുകളും നിറഞ്ഞ പാതയില്‍ വച്ച് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. റോഡില്‍ നിന്ന് ഏകദേശം 500 അടി താഴെയുള്ള കൊക്കയിലേക്കാണ് വാഹനം പതിച്ചത്.