മാസ്‌ക് ധരിക്കാത്തവര്‍ക്ക് കൊവിഡ് കേന്ദ്രത്തില്‍ സാമൂഹികസേവനം; ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രിംകോടതി

ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് പൗരന്റെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കൊവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് അധികൃതര്‍ ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടതെന്നും സുപ്രിംകോടതി വ്യക്തമാക്കി.

Update: 2020-12-03 10:00 GMT

അഹമ്മദാബാദ്: മാസ്‌ക് ധരിക്കാത്തവര്‍ക്ക് ശിക്ഷയായി കൊവിഡ് കെയര്‍ സെന്ററുകളില്‍ നിര്‍ബന്ധിത സാമൂഹിക സേവനം ചെയ്യിക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് പൗരന്റെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കൊവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് അധികൃതര്‍ ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടതെന്നും സുപ്രിംകോടതി വ്യക്തമാക്കി.

ബുധനാഴ്ച പുറപ്പെടുവിച്ച ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ അപേക്ഷ സുപ്രിംകോടതി അംഗീകരിച്ചു. ഹൈക്കോടതി നിര്‍ദേശം കഠിനവും പൊരുത്തക്കേടുള്ളതും ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്ന് ഗുജറാത്ത് സര്‍ക്കാരും കൊവിഡ് കേന്ദ്രം അധികൃതരും സമര്‍പ്പിച്ച വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി നടപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഗുജറാത്ത് ആഭ്യന്തര അഡീഷനല്‍ സെക്രട്ടറിയോട് സുപ്രിംകോടതി നിര്‍ദേശിച്ചു. മുഖംമൂടി ധരിക്കാതെയും ശാരീരിക അകലം പാലിക്കുന്ന മാനദണ്ഡങ്ങള്‍ അവഗണിച്ചും ആളുകള്‍ മറ്റുള്ളവരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുകയാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് മാസ്‌ക് ധരിക്കാത്തവര്‍ക്ക് കൊവിഡ് കേന്ദ്രത്തില്‍ നിര്‍ബന്ധിത സാമൂഹിക സേവനം നടത്താനും ഇതിനായി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടത്.

Tags:    

Similar News