ഇഡി രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിനുള്ള ഭരണകക്ഷിയുടെ ഉപകരണം; രൂക്ഷവിമര്‍ശനമുന്നയിച്ച് മെഹ്ബൂബയുടെ കത്ത്
പിഡിപി അധ്യക്ഷയുടെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് അയച്ച കത്തിന്റെ പകര്‍പ്പ് കേന്ദ്ര ആഭ്യന്തര, റവന്യൂ സെക്രട്ടറിമാര്‍ക്കും കൈമാറിയിട്ടുണ്ട്. നിയമപരമായ മാനദണ്ഡള്‍ ലംഘിക്കല്‍, മോശം പെരുമാറ്റം, ഭരണഘടനാ ലംഘനം എന്നിവയുണ്ടായാല്‍ നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടുമെന്ന് മുഫ്തി ഇഡിക്ക് അയച്ച കത്തില്‍ മുന്നറിയിപ്പ് നല്‍കി.
ശ്രീനഗര്‍: തന്നെയും കുടുംബത്തെയും രാഷ്ട്രീയത്തെയും വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കത്തയച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. പിഡിപി അധ്യക്ഷയുടെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് അയച്ച കത്തിന്റെ പകര്‍പ്പ് കേന്ദ്ര ആഭ്യന്തര, റവന്യൂ സെക്രട്ടറിമാര്‍ക്കും കൈമാറിയിട്ടുണ്ട്. ഭരണകക്ഷിയുടെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിനുള്ള ഒരു ഉപകരണമായി അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മാറിയെന്ന് കത്തില്‍ മെഹ്ബൂബ വിമര്‍ശിച്ചു.
രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ ഉപയോഗിക്കാന്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ഒരു കക്ഷിയുടെ അജ്ഞാത ഉപകരണമല്ല എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റെന്നും മുഫ്തി ഓര്‍മിപ്പിച്ചു. തന്റെ കുടുംബവുമായോ പാര്‍ട്ടിയുമായോ ബന്ധമുള്ളവരെ ചോദ്യം ചെയ്യുന്നതിനും അറസ്റ്റുചെയ്യുന്നതിനും പിന്നില്‍ തന്നെ വേട്ടയാടുകയാണ് ലക്ഷ്യം. തന്റെ വ്യക്തിപരമായും രാഷ്ട്രീയമായും സാമ്പത്തികവുമായ കാര്യങ്ങളിലാണ് അവര്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. മരിച്ചുപോയ പിതാവിന്റെ സ്മാരകം, സഹോദരങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍, വീട് നിര്‍മാണം തുടങ്ങിയ കാര്യങ്ങളാണ് ചോദ്യം ചെയ്യുന്നത്.
നിയമപരമായ മാനദണ്ഡള്‍ ലംഘിക്കല്‍, മോശം പെരുമാറ്റം, ഭരണഘടനാ ലംഘനം എന്നിവയുണ്ടായാല്‍ നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടുമെന്ന് മുഫ്തി ഇഡിക്ക് അയച്ച കത്തില്‍ മുന്നറിയിപ്പ് നല്‍കി. ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ് ഫലത്തിന് തലേന്ന് നിരവധി ബന്ധുക്കളെയും പാര്‍ട്ടി നേതാക്കളെയും സംസ്ഥാന ഭരണകൂടം നിയമവിരുദ്ധമായി തടങ്കലില്‍ പാര്‍പ്പിക്കുകയാണ് ചെയ്തത്. ഉത്തരവാദിത്തമുള്ള ഒരു പൗര, രാഷ്ട്രീയപ്രവര്‍ത്തക, മുന്‍ മുഖ്യമന്ത്രി, പാര്‍ലമെന്റ് അംഗം, ഈ രാജ്യത്തെ ഏറ്റവും പ്രശസ്തനായ ഒരു വ്യക്തിത്വത്തിന്റെ മകള്‍ എന്ന നിലയില്‍ ഏതെങ്കിലും ഏജന്‍സിയുടെ ഏത് ചോദ്യം ചെയ്യലിനെയും നേരിടാന്‍ ഞാന്‍ തയ്യാറാണ്.
എന്നാല്‍, ഈ പ്രക്രിയയുടെ നിയമസാധുതയെ ഞാന്‍ ചോദ്യംചെയ്യും. ഇഡി രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്ത ആളുകളുടെ മൊബൈല്‍ ഫോണ്‍, സ്വകാര്യ ഡിജിറ്റല്‍ ഉപകരണങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 21 (2) പ്രകാരം സ്വകാര്യതയ്ക്കുള്ള ഭരണഘടനാപരമായ അവകാശം, ജനാധിപത്യരാഷ്ട്രീയത്തിനുള്ള അവകാശം എന്നിവയെക്കുറിച്ച് ഏജന്‍സിയെ മുഫ്തി ഓര്‍മിപ്പിച്ചു.
എന്നെയോ എന്റെ കുടുംബത്തിലെ അംഗങ്ങളെ ചോദ്യം ചെയ്യാനോ എന്റെ ഇലക്ട്രോണിക് അല്ലെങ്കില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പരിശോധിക്കാനോ ആഗ്രഹിക്കുന്നുവെങ്കില്‍ നിഷ്പക്ഷ/ജുഡീഷ്യല്‍ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ എന്റെ പ്രതിനിധിയുടെ സാന്നിധ്യത്തില്‍ മാത്രമേ ചെയ്യാവൂ എന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
ഈ ആഴ്ച ആദ്യം ശ്രീനഗറില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ, രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താനും ഭീഷണിപ്പെടുത്താനും എന്‍ഐഎ, ഇഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജന്‍സികളെ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ നിയോഗിച്ചതായി മുഫ്തി ആരോപിച്ചിരുന്നു. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട (ജെകെസിഎ) കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രണ്ടാഴ്ച മുമ്പാണ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ 11.86 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയത്.

