രാജ്യത്ത് അമിത ജനാധിപത്യമെന്ന് നീതി ആയോഗ് സിഇഒ; നമ്മുടെ ജനാധിപത്യത്തില്‍ അഭിമാനിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി

രാജ്യത്ത് അമിത ജനാധിപത്യമാണെന്ന പരാമര്‍ശത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമുയര്‍ന്നു.

Update: 2020-12-09 16:04 GMT

ന്യൂഡല്‍ഹി: രാജ്യത്ത് അമിത ജനാധിപത്യമാണെന്നും അതിനാല്‍ കടുത്ത പരിഷ്‌കരണ നടപടികള്‍ ബുദ്ധിമുട്ടാണെന്നുമുള്ള നീതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം നടന്ന ഓണ്‍ലൈന്‍ ചടങ്ങിനിടെയാണ് രാജ്യത്ത് അമിത ജനാധിപത്യമാണെന്ന തരത്തിലുള്ള പരാമര്‍ശം നീതി ആയോഗ് സിഇഒ നടത്തിയത്. ഈ സാഹചര്യത്തിലും വിവിധ മേഖലകളില്‍ വന്‍ പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കാനുള്ള ഇച്ഛാശക്തി കേന്ദ്ര സര്‍ക്കാര്‍ കാണിച്ചുവെന്ന് അമിതാഭ് കാന്ത് പറഞ്ഞിരുന്നു.

എന്നാല്‍ രാജ്യത്ത് അമിത ജനാധിപത്യമാണെന്ന പരാമര്‍ശത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമുയര്‍ന്നു. ഇതുസംബന്ധിച്ച് ഉയർന്ന ചോദ്യങ്ങളാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന് നേരിടേണ്ടിവന്നത്. നമ്മുടെ ജനാധിപത്യത്തില്‍ അഭിമാനിക്കുന്നുവെന്ന് വ്യക്തമാക്കി അദ്ദേഹം വിഷയം അവസാനിപ്പിച്ചു.

രാജ്യത്ത് ജനാധിപത്യം വളരെക്കൂടുതലാണെങ്കിലും കൃഷി, തൊഴില്‍, ഖനനം, കല്‍ക്കരി തുടങ്ങിയ മേഖലകളില്‍ പരിഷ്‌കരണം കൊണ്ടുവരാനുള്ള ധൈര്യവും ദൃഢനിശ്ചയവും കേന്ദ്ര സര്‍ക്കാര്‍ കാട്ടിയെന്ന് അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടിരുന്നു. രാഷ്ട്രീയവും ഭരണപരവുമായ ഇച്ഛാശക്തി ആവശ്യമുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. കൂടുതല്‍ പരിഷ്‌കരണ നടപടികള്‍ ഇനിയും ഉണ്ടാവുമെന്ന് കാന്ത് പറഞ്ഞു.

അമിതാഭ് കാന്തിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. മോദി ഭരണത്തില്‍ പരിഷ്‌കാരം എന്നാല്‍ കൊള്ളയാണെന്നും അതിനാല്‍ ജനാധ്യപത്യത്തില്‍ നിന്ന് മോചനം നേടണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.