കെജ് രിവാളിന് ഇന്ന് നിര്‍ണായകം; ഹരജി ഡല്‍ഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും

Update: 2024-04-03 05:09 GMT

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് നിര്‍ണായക ദിനം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള കെജ്രിവാളിന്റെ ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാപ്പ് സാക്ഷികളായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അറസ്റ്റ് നിയമ വിരുദ്ധമെന്നാണ് കെജ്രിവാളിന്റെ വാദം. ഹരജിയെ എതിര്‍ത്ത് ഇഡി സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച് 21നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ലംഘിച്ചുള്ള അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും റിമാന്‍ഡ് ഉത്തരവ് റദ്ദാക്കണമെന്നുമാണ് കെജ്രിവാളിന്റെ ഹരജിയിലെ പ്രധാന ആവശ്യം. കേസിലെ പ്രതികളും പിന്നീട് മാപ്പ് സാക്ഷികളായവരുമായ വ്യക്തികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് അറസ്റ്റ്.

ലോക്‌സഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ അറസ്റ്റ് പാര്‍ട്ടിയെയും തന്നെയും ദുര്‍ബലപ്പെടുത്താന്‍ ആണെന്നായിരുന്നു കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോള്‍ കെജ്രിവാളിന്റെ വാദം. ഈ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ഇഡിയുടെ സത്യവാങ്മൂലം. ഒന്‍പത് തവണ സമന്‍സ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് അറസ്റ്റിന് നിര്‍ബന്ധിതമായതെന്ന് ഇഡി വ്യക്തമാക്കി. ജസ്റ്റിസ് സ്വര്‍ണ കാന്ത മിശ്ര അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് കേസ് പരിഗണിക്കുക.

മദ്യനയ അഴിമതിയുടെ ഭാഗമായി സഞ്ജയ് സിംഗിന്റെ കയ്യില്‍ നിന്ന് ഹവാലപണം കണ്ടെടുക്കാന്‍ ഇഡിക്ക് കഴിഞ്ഞില്ലെന്ന കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി നിരീക്ഷണം കെജ്രിവാളിന്റെ കാര്യത്തിലും എഎപിക്കും പ്രതീക്ഷ നല്‍കുന്നുണ്ട്. അതേസമയം കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ച സഞ്ജയ് സിംഗ് ഇന്ന് ജയില്‍ മോചിതനാകും.






Tags:    

Similar News