ബസ്സിലേക്ക് ഇടിച്ചുകയറിയത് എറണാകുളത്തുനിന്ന് ടൈലുമായി പോയ ലോറി

ലോറി ഡിവൈഡര്‍ തകര്‍ത്ത് മറുവശത്തുകൂടി പോയ ബസ്സില്‍ ഇടിച്ചുകയറുകയായിരുന്നു. ലോറിയില്‍ അമിതഭാരം കയറ്റിയിരുന്നു. ടയറുകള്‍ പൊട്ടിയ നിലയിലായിരുന്നു.

Update: 2020-02-20 05:46 GMT

തിരുപ്പൂര്‍: തിരുപ്പൂരില്‍ കെഎസ്ആര്‍ടിസി ബസ്സിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാക്കിയത് ടൈലുമായി എറണാകുളത്തുനിന്നു സേലത്തേയ്ക്കുപോയ ലോറിയാണെന്ന് വ്യക്തമായി. ലോറി എറണാകുളം രജിസ്‌ട്രേഷനുള്ളതാണ്. ലോറി ഡിവൈഡര്‍ തകര്‍ത്ത് മറുവശത്തുകൂടി പോയ ബസ്സില്‍ ഇടിച്ചുകയറുകയായിരുന്നു. ലോറിയില്‍ അമിതഭാരം കയറ്റിയിരുന്നു. ടയറുകള്‍ പൊട്ടിയ നിലയിലായിരുന്നു. എറണാകുളം ഡിപ്പോയിലെ ആര്‍എസ് 784ാം നമ്പര്‍ ബംഗളുരു- എറണാകുളം ഗരുഡ ബസ്സാണ് അപകടത്തില്‍പെട്ടത്. ഫെബ്രുവരി 17നാണ് അപകടത്തില്‍പെട്ട ബസ് എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്കു പോയത്.

തൊട്ടുപിറ്റേന്നുതന്നെ ബസ് കേരളത്തിലേക്ക് മടങ്ങേണ്ടിയിരുന്നു. എന്നാല്‍, യാത്രക്കാരില്ലാത്തതിനാല്‍ ഒരു ദിവസം വൈകി 19നാണ് മടങ്ങിയത്. വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് കൊച്ചിയിലെത്തിച്ചേരേണ്ടതായിരുന്നു ബസ്. ഇന്ന് പുലര്‍ച്ചെ 3.15നായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ബസ്സില്‍ ആകെ 48 യാത്രക്കാരാണുണ്ടായിരുന്നത്. മരിച്ചവര്‍ ഏറെയും ബസ്സിന്റെ വലതുവശത്തിരുന്നവരാണ്. ലോറി നിയന്ത്രണംവിട്ട് ഈ വശത്തേക്കാണ് ഇടിച്ചുകയറിയത്. ഇടതുഭാഗത്ത് ഇരുന്നവര്‍ക്ക് നേരിയ പരിക്കാണുണ്ടായിരിക്കുന്നത്. അപകടം നടക്കുമ്പോള്‍ യാത്രക്കാരില്‍ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ബസ്സിന്റെ 12 സീറ്റുകളോളം ഇടിച്ചുതകര്‍ന്ന നിലയിലാണ്.

ചില സീറ്റുകള്‍ ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയി. അപകടത്തില്‍ 20 പേരാണ് മരിച്ചത്. 10 പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. 11 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. റോസ്‌ലി (പാലക്കാട്), ഗിരീഷ് (എറണാകുളം), ഇഗ്‌നി റാഫേല്‍ (ഒല്ലൂര്‍, തൃശൂര്‍), കിരണ്‍ കുമാര്‍, ഹനീഷ് (തൃശൂര്‍), ശിവകുമാര്‍ (ഒറ്റപ്പാലം), കെ രാജേഷ് (പാലക്കാട്), ജിസ്‌മോന്‍ ഷാജു (തുറവൂര്‍), നസീബ് മുഹമ്മദ് അലി (തൃശൂര്‍), കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബൈജു, ഐശ്വര്യ എന്നിവരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്.  

Tags:    

Similar News