കുട്ടികളുടെ ഐസിയുവില്‍ ടിക് ടോക്; നാല് നഴ്‌സുമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

വീഡിയോയില്‍ ഉള്‍പ്പെട്ട നാല് നഴ്‌സുമാര്‍ക്ക് ചീഫ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇത്തരത്തിലൊരു സംഭവമുണ്ടായത് ദൗര്‍ഭാഗ്യകരമായിപ്പോയെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

Update: 2019-06-27 06:14 GMT

ഭുവനേശ്വര്‍: ഡ്യൂട്ടി സമയത്ത് ആശുപത്രിയിലെ നവജാതശിശുക്കളുടെ തീവ്രപരിചരണവിഭാഗത്തില്‍ ടിക് ടോക് നടത്തിയ നഴ്‌സുമാര്‍ക്കെതിരേ നടപടിയുമായി ആരോഗ്യവകുപ്പ്. ഒഡീഷയിലെ മാല്‍ക്കാഗിരി ജില്ലാ ആശുപത്രിയിലാണ് സംഭവം. തീവ്രപരിചരണ വിഭാഗത്തില്‍ യൂനിഫോമില്‍ നഴ്‌സുമാര്‍ പാട്ടുപാടുന്നതും നൃത്തം ചെയ്യുന്നതുമായ വീഡിയോ വൈറലായതോടെയാണ് ജോലിയില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് നടപടിയുമായി രംഗത്തെത്തിയത്. വീഡിയോയില്‍ ഉള്‍പ്പെട്ട നാല് നഴ്‌സുമാര്‍ക്ക് ചീഫ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇത്തരത്തിലൊരു സംഭവമുണ്ടായത് ദൗര്‍ഭാഗ്യകരമായിപ്പോയെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന കുട്ടികളെയും വീഡിയോയില്‍ വ്യക്തമായി കാണാവുന്നതാണ്. നഴ്‌സുമാരുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഉടന്‍തന്നെ ചീഫ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് റിപോര്‍ട്ട് നല്‍കുമെന്നും അഡീഷനല്‍ ജില്ലാ മെഡിക്കല്‍ ഓഫിസറും ആശുപത്രി ഓഫിസര്‍ ഇന്‍ചാര്‍ജുമായ തപന്‍കുമാര്‍ ഡിന്‍ഡയും അറിയിച്ചു.

 

Tags:    

Similar News