പശുവിനെ കശാപ്പ് ചെയ്തു; ഗുജറാത്തില്‍ മൂന്ന് യുവാക്കള്‍ക്ക് ജീവപര്യന്തം തടവ്
അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്ത് കോടതി. അമ്രേലി സെഷന്‍സ് കോടതിയുടേതാണ് സുപ്രധാനമായ വിധി. പശുക്കളെ കശാപ്പ് ചെയ്തു, മാംസം കടത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അക്രം ഹാജി സോളങ്കി, സത്താര്‍ ഇസ്മായില്‍ സോളങ്കി, ഖാസിം സോളങ്കി എന്നീ മൂന്ന് പേര്‍ക്ക് ജീവപര്യന്തം തടവും 6.08 ലക്ഷം രൂപ പിഴയും വിധിച്ചത്. ഒരു വര്‍ഷം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് സെഷന്‍സ് ജഡ്ജി റിസ്വാനബെന്‍ ബുഖാരി കേസില്‍ വിധി പറഞ്ഞത്.
ഗുജറാത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു കേസില്‍ ഇത്രയും കടുത്ത ശിക്ഷ വിധിക്കുന്നത്.2023 നവംബര്‍ 6 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.ഗുജറാത്ത് മൃഗസംരക്ഷണ നിയമത്തിലെ സെക്ഷന്‍ 5 പ്രകാരമാണ് പ്രതികള്‍ക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ചത്. സെക്ഷന്‍ 6(ബി) (ഏഴ് വര്‍ഷവും ഒരു ലക്ഷം രൂപയും പിഴ), സെക്ഷന്‍ 429 ഐപിസി (അഞ്ച് വര്‍ഷവും 5,000 രൂപയും പിഴ), സെക്ഷന്‍ 295 ഐപിസി (മൂന്ന് വര്‍ഷവും 3,000 രൂപയും പിഴ) എന്നീ ശിക്ഷയും വിധിച്ചു. ഇവയെല്ലാം ഒരേസമയം അനുഭവിച്ചാല്‍ മതിയാകും.