രാജസ്ഥാനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് മൂന്ന് മരണം; അഞ്ചുപേര്‍ക്ക് പരിക്ക്

Update: 2021-06-21 03:35 GMT

ജയ്പൂര്‍: രാജസ്ഥാനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ബിക്കാനിറിലെ ഗംഗാ ഷഹര്‍ പോലിസ് സ്റ്റേഷന്‍ പ്രദേശത്ത് ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. പരിക്കേറ്റവരെ നഗരത്തിലെ പിബിഎം ആശുപത്രിയിലേക്കു മാറ്റി. അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയില്‍നിന്നും നഷ്ടപരിഹാരം നല്‍കും.

സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ എട്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് എഎസ്പി ശൈലേന്ദ്ര സിങ് പറഞ്ഞു. ഇവരില്‍ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സ്ഥലത്ത് ദുരിതാശ്വാസവും രക്ഷാപ്രവര്‍ത്തനവും നടക്കുന്നുണ്ടെന്നും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags:    

Similar News