മലിനജലം ഉപയോഗിച്ചു; കര്‍ണാടകയില്‍ മൂന്ന് പേര്‍ മരിച്ചു; നാല് പേരുടെ നില അതീവഗുരുതരം

Update: 2025-07-08 06:51 GMT

ബംഗളൂരു: കര്‍ണാടകയിലെ യാദ്ഗിരി ജില്ലയില്‍ മൂന്ന് പേരുടെ മരണത്തിന് കാരണം മലിനജല ഉപയോഗമെന്ന് ആരോപണം. സുരപുര പ്രദേശത്താണ് മലിനജലം ഉപയോഗിച്ച് രോഗബാധിതരായ മൂന്ന് പേര്‍ മരിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ടിപ്പനാടഗി ഗ്രാമത്തില്‍ നിന്നുള്ള ദേവികേമ്മ ഹോട്ടി (60), വെങ്കമ്മ (50), രാമണ്ണ പൂജാരി (64) എന്നിവരാണ് തിങ്കളാഴ്ച മരിച്ചത്. തുടര്‍ച്ചയായി ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് 10 ദിവസത്തിന് ശേഷമാണ് മൂന്ന് പേര്‍ മരിച്ചത്.

ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ച് പ്രദേശത്തെ 20 ഓളം പേര്‍ വിവിധ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇതില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്. പൈപ്പ് ലൈനുകളിലൂടെ എത്തുന്ന വെള്ളം ഉപയോഗിച്ചതാണ് ഇത്തരത്തില്‍ ഒരവസ്ഥയ്ക്ക് കാരണം എന്നാണ് ആരോപണം. എന്നാല്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.