ഡല്‍ഹിയില്‍നിന്ന് ലണ്ടനിലേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം

വ്യാഴാഴ്ച രാവിലെ പുറപ്പെടുന്ന രണ്ട് വിമാനങ്ങള്‍ ലണ്ടനില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി സന്ദേശമെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Update: 2020-11-04 16:07 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ലണ്ടനിലേയ്ക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഭീഷണി. വ്യാഴാഴ്ച രാവിലെ പുറപ്പെടുന്ന രണ്ട് വിമാനങ്ങള്‍ ലണ്ടനില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി സന്ദേശമെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഡല്‍ഹി വിമാനത്താവളത്തിലേയ്ക്കാണ് ഫോണ്‍ സന്ദേശമെത്തിയത്. ഇതെത്തുടര്‍ന്ന് വിമാനത്താവളത്തിലെയും എയര്‍ ഇന്ത്യ സര്‍വീസുകളിലെയും സുരക്ഷ ശക്തമാക്കി. ഖാലിസ്ഥാന്‍ അനുകൂലസംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസാണ് ഭീഷണിക്കു പിന്നിലെന്ന് ഡല്‍ഹി പോലിസ് പറഞ്ഞു.

നാളെ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കെതിരേയാണ് തങ്ങള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നതെന്ന് ഡല്‍ഹി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥനായ രാജീവ് രഞ്ജന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും വിമാനത്താവളത്തിലെ സുരക്ഷ വര്‍ധിപ്പിച്ചതായും ഡിസിപി വ്യക്തമാക്കി. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയെ യുഎപിഎ നിയമപ്രകാരം 2019 ല്‍ കേന്ദ്രം നിരോധിച്ചിരുന്നു.

Tags: