മധുര: തൂത്തുക്കുടി സാത്തന്‍കുളം കസ്റ്റഡി കൊലപാതകത്തില്‍ ഒമ്പത് പോലിസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി. 2020 ജൂണിലാണ് പോലിസ് കസ്റ്റഡിയിലിരിക്കെ ജയരാജും മകന്‍ ബെനിക്സും മരിച്ചത്. ലോക്ക്ഡൗണില്‍ കട അടച്ചില്ല എന്ന് ആരോപിച്ചാണ് പോലിസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
തമിഴ്നാട്ടില്‍ ആറുവര്‍ഷം മുമ്പ് നടന്ന ഈ കൊലപാതകം രാജ്യത്ത് മുഴുവന്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് രാത്രി 7.45 വരെ കട തുറന്നുവെച്ചു എന്ന് ആരോപിച്ചാണ് മൊബൈല്‍ കട നടത്തിയിരുന്ന ജയരാജനെയും ബെനിക്സണെന്നും പോലിസ് കസ്റ്റഡിയിലെടുത്തത്.
ക്രൂരമായ മര്‍ദനത്തിന് ഇരയായ ഇവര്‍ മൂന്നാംദിവസമാണ് മരണത്തിന് കീഴടങ്ങിയത്. ആദ്യം മരിച്ചത് അച്ഛന്‍ ജയരാജനാണ്, പിന്നാലെ ബെനിക്സണും ജീവന്‍ നഷ്ടപ്പെട്ടു. കേസില്‍ ആകെ 10 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ ഒരാള്‍ വിചാരണ കാലയളവില്‍ മരിച്ചു. ബാക്കി ഒമ്പത് പ്രതികള്‍ക്കാണ് കോടതി തൂക്കുകയര്‍ വിധിച്ചിരിക്കുന്നത്.
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം എന്ന തരത്തിലാണ് കോടതിയും കേസിനെ പരിഗണിച്ചത്. ഗൗരവം ഒട്ടുംകുറയാതെ കേസിനെ സമീപിക്കണം എന്ന് തീരുമാനിച്ചിരുന്നതായി ജഡ്ജി വ്യക്തമാക്കി. ജയരാജനെയും ബെനിക്സിനെയും ആരാണ് കൂടുതല്‍ ദേഹോപദ്രവം ഏല്‍പിച്ചത് ആരാണ് കുറച്ച് മര്‍ദിച്ചത് എന്ന കാര്യത്തിനൊന്നും പ്രസക്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.
ഈ ക്രൂരതയ്ക്ക് നേതൃത്വം നല്‍കിയ ഇന്‍സ്പെക്ടര്‍ ശ്രീധറിന് വിവിധ വകുപ്പുകളിലായി രണ്ട് വധശിക്ഷയും ഏഴുവര്‍ഷം തടവും 84 ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. രണ്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍, രണ്ട് ഹെഡ് കോണ്‍സ്റ്റബിളുമാര്‍, നാല് കോണ്‍സ്റ്റബിളുമാര്‍ എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്.
