ഈ പോരാട്ടത്തില്‍ അവര്‍ ഒറ്റയ്ക്കല്ല, ഞാന്‍ ഒപ്പമുണ്ട്; ജാമിഅ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി വിസി (വീഡിയോ)

എന്റെ വിദ്യാര്‍ഥികളോട് ചെയ്തതുകണ്ട് സഹിക്കാനാവുന്നില്ല. ഈ പോരാട്ടത്തില്‍ അവര്‍ ഒറ്റയ്ക്കല്ലെന്നാണ് എനിക്ക് അവരോട് പറയാനുള്ളത്. ഞാന്‍ അവര്‍ക്കൊപ്പമുണ്ട്. ഈ വിഷയം കഴിയാവുന്നിടത്തോളം മുന്നോട്ടുകൊണ്ടുപോവും

Update: 2019-12-16 04:23 GMT

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ പോലിസ് നടത്തിയ അതിക്രമത്തിനെതിരേ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വൈസ് ചാന്‍സലര്‍. ഈ പോരാട്ടത്തില്‍ അവര്‍ ഒറ്റയ്ക്കല്ലെന്നും താന്‍ അവരോടൊപ്പമുണ്ടെന്നും ജാമിഅ വിസി നജ്മ അക്തര്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. 'എന്റെ വിദ്യാര്‍ഥികളോട് ചെയ്തതുകണ്ട് സഹിക്കാനാവുന്നില്ല. ഈ പോരാട്ടത്തില്‍ അവര്‍ ഒറ്റയ്ക്കല്ലെന്നാണ് എനിക്ക് അവരോട് പറയാനുള്ളത്. ഞാന്‍ അവര്‍ക്കൊപ്പമുണ്ട്. ഈ വിഷയം കഴിയാവുന്നിടത്തോളം മുന്നോട്ടുകൊണ്ടുപോവും' വിസി പറഞ്ഞു. ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ പോലിസ് അതിക്രമിച്ചാണ് കടന്നത്.

അനുവാദമില്ലാതെ പോലിസ് കാംപസിനുള്ളിലേക്ക് അതിക്രമിച്ചുകടക്കുകയായിരുന്നു. അക്രമത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കില്ലെന്നും വിസി വ്യക്തമാക്കി. സര്‍വകലാശാലയില്‍ അക്രമം അഴിച്ചുവിട്ട പോലിസ് പെണ്‍കുട്ടികളുടെ ഹോസ്റ്റലിലും ലൈബ്രറിയിലും കയറി ആക്രമിക്കുകയും വിദ്യാര്‍ഥികളെ മര്‍ദിക്കുകയും ചെയ്തിരുന്നു. അനുമതിയില്ലാതെ ബലപ്രയോഗത്തിലൂടെയാണ് പോലിസ് കാംപസില്‍ പ്രവേശിച്ചത്. അവര്‍ വിദ്യാര്‍ഥികളെയും ജീവനക്കാരെയും മര്‍ദിക്കുകയായിരുന്നുവെന്ന് ജാമിഅ മില്ലിയ പ്രോക്ടര്‍ വസിം അഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. പോലിസ് അതിക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. വിദ്യാര്‍ഥികളെ പോലിസ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

Tags:    

Similar News