രാജ്യത്തെ പറ്റിച്ചു; ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് എതിരെ കോടതിയലക്ഷ്യ നോട്ടിസ്

Update: 2024-02-28 05:48 GMT
ന്യൂഡല്‍ഹി: യോഗാ ഗുരു രാംദേവിന്റെ സഹ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദിക്കിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍ക്കുന്നുയെന്ന് ആരോപിച്ചാണ് പതഞ്ജലി ആയുര്‍വ്വേദിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത്. പതഞ്ജലി ആയുര്‍വേദം നിര്‍മ്മിക്കുന്ന ഉല്‍പ്പന്നത്തിന്റെ പരസ്യം ചെയ്യുന്നതില്‍ നിന്ന് കമ്പനിയെ വിലക്കുകയും ചെയ്തു.

ഇത്തരം പരസ്യങ്ങളിലൂടെ രാജ്യത്തെ മുഴുവന്‍ പതഞ്ജലി പറ്റിച്ചെന്നും സുപ്രീം കോടതി പറഞ്ഞു. പതഞ്ജലി ആയുര്‍വേദിന്റെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഈ വിധി. കൂടാതെ വിവിധ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രചരിപ്പിച്ചതിന് പതഞ്ജലി ആയുര്‍വേദത്തിനും ആചാര്യ ബാലകൃഷ്ണനും സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി നല്‍കാന്‍ ഇവര്‍ക്ക് മൂന്നാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച മുന്‍ കോടതി ഉത്തരവുകള്‍ അവഗണിച്ചാണ് പതഞ്ജലി ആയുര്‍വേദ പരസ്യം നല്‍കിയതെന്ന് ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും എ. അമാനുല്ലയും വാദത്തിനിടെ വിമര്‍ശിച്ചു. 2023 നവംബറില്‍ പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങള്‍ ചില രോഗങ്ങള്‍ സുഖപ്പെടുത്താന്‍ കഴിയുമെന്ന് തെറ്റായ അവകാശവാദം ഉന്നയിച്ചതില്‍ ഒരു കോടി രൂപ പിഴ ചുമത്തുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

അത് അവണിച്ചാണ് ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മറ്റ് മരുന്നുകളേക്കാള്‍ മികച്ചതാണെന്ന് അവര്‍ പരസ്യത്തില്‍ പറയുന്നത്. പരസ്യത്തില്‍ ഇടംനേടിയ ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കാന്‍ ബെഞ്ച് തീരുമാനിച്ചു. ഈ വ്യക്തികള്‍ മറുപടി നല്‍കണമെന്നും കോടതി ഉത്തരവുകള്‍ എങ്ങനെയാണ് അവഗണിച്ചതെന്ന് വിശദീകരിക്കണമെന്നും ജസ്റ്റിസ് അമാനുള്ള പറഞ്ഞു.

രക്തസമ്മര്‍ദ്ദം, പ്രമേഹം, സന്ധിവാതം, ആസ്തമ പൊണ്ണത്തടി എന്നിവ പൂര്‍ണമായും സുഖപ്പെടുത്തുമെന്ന് പതഞ്ജലിക്ക് എങ്ങനെ അവകാശപ്പെടാനാകും പൊതുസമൂഹത്തിന് മുന്നില്‍ അലോപ്പതിയെ ഇങ്ങനെ തരംതാഴ്ത്താനോ അപകീര്‍ത്തിപ്പെടുത്താനോ കഴിയില്ലയെന്നും വിധിയില്‍ പറയുന്നു.


Tags: