പൗരത്വ ഭേദഗതി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

Update: 2024-03-15 05:01 GMT
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഹരജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. പൗരത്വ ഭേദഗതി ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ച നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന ഹരജികളാണ് പരിഗണിക്കുക. വിഷയത്തില്‍ വ്യക്തികളുടെ അടക്കം അപേക്ഷകളാണ് സുപ്രിംകോടതി ഇന്ന് പരിഗണിക്കുന്നത്.

കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ഡിവൈഎഫ്‌ഐ, മുസ്‌ലിം ലീഗ് തുടങ്ങിയവര്‍ നല്‍കിയ അപേക്ഷകളും ഇന്ന് പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. 2019ല്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന ഹരജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ ഹരജി നിലനില്‍ക്കുമ്പോള്‍ ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണ് എന്ന വാദമാണ് ഹരജിക്കാര്‍ ഉന്നയിക്കുക.

അതേസമയം ചട്ടങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറല്ല എന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിക്കും. നിയമനിര്‍മാണത്തിനുള്ള പാര്‍ലമെന്റിന്റെ അവകാശം അനുസരിച്ചാണ് നിയമം യാഥാര്‍ത്ഥ്യമാക്കിയത്. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്മേല്‍ ചട്ടങ്ങള്‍ ചമയ്ക്കുക എന്ന നടപടിയാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. ഇത് നിയമവിരുദ്ധമല്ലെന്നും ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതല്ല ഈ നിയമം എന്നും സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ വ്യക്തമാക്കും.