ഗുസ്തി ഫെഡറേഷന്‍ ഭരണ സമിതിയെ സസ്‌പെന്‍ഡ് ചെയ്ത് കായിക മന്ത്രാലയം

Update: 2023-12-24 07:20 GMT


ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു നിര്‍ണായക നടപടി. ഫെഡറേഷന്റെ പുതിയ ഭരണ സമിതിയെ കഴിഞ്ഞ ദിവസമാണു തിരഞ്ഞെടുത്തത്. ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അനുയായി സഞ്ജയ് സിങ്ങിനെയായിരുന്നു ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്.

ബ്രിജ്ഭൂഷണിന്റെ വിശ്വസ്തന്‍ അധ്യക്ഷനായതിന് എതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഗുസ്തി താരം സാക്ഷി മാലിക് കരിയര്‍ അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചിരുന്നു. ബജ്‌രങ് പുനിയ ഉള്‍പ്പെടെയുള്ള താരങ്ങള്‍ സഞ്ജയ് സിങ്ങിനെ തിരഞ്ഞെടുത്തതിനെതിരെ രംഗത്തെത്തി. തിരഞ്ഞെടുപ്പില്‍ 47 ല്‍ 40 വോട്ടുകളും സ്വന്തമാക്കിയാണ് സഞ്ജയ് സിങ് വിജയിച്ചത്.

ലൈംഗികാതിക്രമക്കേസിലെ പ്രതിയായ ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ പ്രതിഷേധത്തിലാണ്. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു, പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ മത്സരിപ്പിച്ച കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ വിജയി അനിത ഷോറന് ആകെ ഏഴുവോട്ടുകള്‍ മാത്രമാണു ലഭിച്ചത്. തിരഞ്ഞെടുപ്പു ഫലത്തില്‍ നിരാശയുണ്ടെന്ന് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്!രംഗ് പുനിയയും പ്രതികരിച്ചിരുന്നു.


Tags: