ശാഹീ ജാമിഅ് മസ്ജിദ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ സ്ഥിതി ദയനീയം

Update: 2024-11-27 07:29 GMT

സംഭല്‍: ശാഹീ ജാമിഅ് മസ്ജിദ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട കുടുംബങ്ങളുടെ സ്ഥിതി ഏറെ ദുരിതപൂര്‍ണ്ണമെന്ന് റിപ്പോര്‍ട്ട്. അക്രമത്തില്‍ കൊല്ലപ്പെട്ട നെയിം, ബിലാല്‍, നോമാന്‍, കെയ്ഫ് എന്നിവരുടെ കുടുംബങ്ങളാണ് ദാരിദ്യം കൊണ്ടും ദുഖം കൊണ്ട് ഏറെ ബുദ്ധിമുട്ടുന്നത്.കൊല്ലപ്പെട്ടവരെല്ലാം അതാത് കുടുംബങ്ങളുടെ ഏകഅത്താണികളായിരുന്നു. അതാത് ദിവസമുള്ള വരുമാനം കൊണ്ട് ജീവിക്കുന്നവരാണ് കൊല്ലപ്പെട്ടവര്‍. ഇവരുടെ മരണം കുടുംബത്തിന്റെ നിലനില്‍പ്പാണ് ഇല്ലാതാക്കിയത്. ഉറ്റവരെ നഷ്ടപ്പെട്ട വേദനയും കുടുംബത്തിന്റെ അരക്ഷിതാവസ്ഥയും ബന്ധുക്കളെ ഏറെ വേദനിപ്പിക്കുകയാണ്.

കൊല്ലപ്പെട്ട നെയിം കോട്ഗാര്‍വിയില്‍ ഒരു മധുരപലഹാരകട നടത്തുകയായിരുന്നു.ബിലാല്‍ ഹയാത്‌നഗറില്‍ ഒരു വസ്ത്രകടയും നടത്തുകയായിരുന്നു. കെയ്ഫ് ആവട്ടെ നഖാസ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വിറ്റാണ് ജീവിച്ചത്. ഞങ്ങള്‍ നാല് സഹോദരന്‍മാരാണ്. പിതാവിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് ബിലാല്‍ പ്രാദേശിക സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരു വസ്ത്രക്കട ആരംഭിച്ചത്.

സംഭവം നടന്ന ദിവസം കടയിലെ വസ്ത്രങ്ങള്‍ എല്ലാം എടുത്ത് വച്ച് കട പൂട്ടി ഞങ്ങള്‍ മടങ്ങുമ്പോഴാണ് പോലിസ് ലാത്തിചാര്‍ജ്ജ് നടത്തുകയും വെടിയുതിര്‍ക്കുകയും ചെയ്‌തെന്ന് കൊല്ലപ്പെട്ട ബിലാലിന്റെ സഹോദരന്‍ അലീം പറയുന്നു. വെടിയേറ്റ ബിലാലിനെ ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും രക്ഷപ്പെട്ടില്ലെന്ന് പിതാവ് ഹനീഫ് പറയുന്നു. ആ ദിവസത്തിന്റെ ഭയാനകത പറയാന്‍ കഴിയില്ലെന്നും തന്റെ മകന് നീതി ലഭിക്കും വരെ പോരാടുമെന്നും ഹനീഫ് പറയുന്നു.

സംഭവത്തിന്റെ ഉത്തരവാദി സര്‍ക്കിള്‍ ഓഫിസര്‍ ചൗധരിയാണെന്ന് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മുഹമ്മദ് നെയീമിന്റെ കുടുംബം പറയുന്നു. എണ്ണയും മൈദയും എടുക്കാന്‍ പോയതായിരുന്നു നെയീം. നിരപരാധിയായ അവനെയും പോലിസ് വെടിവച്ചു. രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണ് അനാഥരായതെന്നും കുടുംബം പറയുന്നു. പോലിസിന്റെ വാദങ്ങളെല്ലാം തെറ്റാണെന്നും നീതി ലഭിക്കും വരെ പോരാടുമെന്നും ഇരകള്‍ പറയുന്നു.


Tags: