ഇടിച്ച കാര്‍ നിര്‍ത്തിയില്ല; സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥിയെ വലിച്ചിഴച്ചു; ഒടുവില്‍ വെന്തുമരിച്ചു

Update: 2024-02-12 15:09 GMT
നാഗര്‍കോവില്‍: സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥി കാറിടിച്ചതിനെ തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ പെട്ട് വെന്തുമരിച്ചു. സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ഥിയെ ഇടിച്ച കാര്‍ നിര്‍ത്താതെ 2കിലോമീറ്ററോളം കുട്ടിയേയും സ്‌കൂട്ടറിനെയും അതിവേഗം റോഡിലൂടെ വലിച്ചിഴച്ചു. ഒടുവില്‍ കാറിനും സ്‌കൂട്ടറിനും തീപിടിച്ചാണ് വിദ്യാര്‍ഥി വെന്തുമരിച്ചത്.തെക്ക്ചൂരന്‍കുടി പള്ളിതെരുവ് സ്വദേശി അബൂബക്കര്‍ സിദ്ദീഖിന്റെ മകന്‍ അജാസ്(15) ആണ് ദാരുണമായി മരിച്ചത്. പുത്തന്‍ തുറ ദേവാലയ ഉത്സവ പറമ്പില്‍ മിഠായി കട നടത്തുന്ന ബന്ധുവിനെ സഹായിക്കാന്‍ വന്നതായിരുന്നു ചുട്ടപറ്റിവിള സര്‍ക്കാര്‍ സ്‌കൂള്‍ 10ാം ക്ലാസ് വിദ്യാര്‍ഥിയായ അജാസ്. കാര്‍ ഓടിച്ചിരുന്ന ഇത്താമൊഴി തെക്ക് പാല്‍കിണറ്റാന്‍വിള സ്വദേശിയും പെയിന്റ് കട ഉടമയായ ഗോപി(39)യെ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച വൈകീട്ട് ഈത്താമൊഴിയില്‍നിന്നും ശംഖുതുറ ബീച്ചിലേക്ക് പോവുകയായിരുന്നു ഗോപിയും കുടുംബവും. മേലെ കൃഷ്ണന്‍പുതൂരിന് സമീപം ചെമ്പൊന്‍കരയില്‍ വെച്ച് മുന്നില്‍ പോവുകയായിരുന്ന അജാസ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറും അജാസും കാറിന്റെ മുന്‍വശം കുടുങ്ങി.ഇതോടെ കാര്‍ അജാസിനെയും വലിച്ച് കൊണ്ട് അതിവേഗത്തില്‍ 2കി.മീ സഞ്ചരിച്ച് ശംഖുതുറ ഭാഗത്ത് എത്തി. ഇവിടെ വെച്ച് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. കാറില്‍ കുടുങ്ങിക്കിടന്ന അജാസും സ്‌കൂട്ടറും കത്തിയമര്‍ന്നു. കാറിലുണ്ടായിരുന്ന ഗോപി(39), ഭാര്യ ലേഖ(30), മൂന്ന് മക്കള്‍ തുടങ്ങിയവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.


ഇവരെ ശുചീന്ദ്രം പോലിസ് കസ്റ്റഡിയിലെടുത്തു. തുടന്ന് ഗോപിയെ അറസ്റ്റ് ചെയ്തു. അപകടത്തിന് ശേഷം അജാസിനെയും വലിച്ച് കൊണ്ട് കാര്‍ പോകുന്നത് കണ്ട് നിര്‍ത്താന്‍ ഗോപിയോട് ആളുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നാട്ടുകാര്‍ ആക്രമിക്കുമെന്ന് ഭയന്നാണ് നിറത്താതിരുന്നതെന്ന് ഇയാള്‍ പോലിസിനോട് പറഞ്ഞു. തീപിടിത്തത്തിന് മുന്‍പ് തന്നെ അജാസ് മരിച്ചിരിക്കാം എന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. റോഡിലെ രക്തക്കറയും മറ്റും നല്‍കുന്ന സൂചന അതാണെന്ന് കന്യാകുമാരി ഡി.എസ്.പി മഹേഷ് കുമാര്‍ പറഞ്ഞു.