ചില തെറ്റുകള്‍ സംഭവിച്ചു; അമിത് ഷാ കുറ്റസമ്മതം നടത്തിയെന്ന് കര്‍ഷക നേതാവ്
കേന്ദ്ര സര്‍ക്കാരിന്റെ അഞ്ചിന ഫോര്‍മുലകള്‍ തള്ളിയതിന് പിന്നാലെ കര്‍ഷകപ്രക്ഷോഭം ശക്തമാക്കാന്‍ ഡിസംബര്‍ 14ന് രാജ്യ വ്യാപകമായി ബിജെപി ഓഫീസുകള്‍ ഉപരോധിക്കുമെന്ന് കര്‍ഷകര്‍ ഇന്നലെ അറിയിച്ചിരുന്നു.
ന്യൂഡല്‍ഹി: കര്‍ഷക നിയമത്തില്‍ ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അമിത് ഷാ തങ്ങളോട് സമ്മതിച്ചുവെന്ന് കര്‍ഷക സംഘടനാ നേതാക്കളിലൊരാളായ ശിവ് കുമാര്‍ കാകെ. നിയമങ്ങള്‍ നടപ്പാക്കുന്നതിന് മുന്‍പ് എന്തുകൊണ്ട് കര്‍ഷകരോട് ആലോചിച്ചില്ലെന്ന് ചോദിച്ചപ്പോഴാണ് ചില തെറ്റുകള്‍ സംഭവിച്ചതായി അമിത് ഷാ സമ്മതിച്ചതെന്ന് ശിവ് കുമാര്‍ പറഞ്ഞു.
നിയമങ്ങളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ഭേദഗതികള്‍ വരുത്താന്‍ തയാറാണെന്നും അമിത് ഷാ പറഞ്ഞതായി ശിവ് കുമാര്‍ പറഞ്ഞു. അതേസമയം, പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന റിപോര്‍ട്ടുകളും അദ്ദേഹം തള്ളി. ജനദ്രോഹകരമായ നിയമങ്ങള്‍ പിന്‍വലിക്കുക, അതുവരെ സമരം എന്നത് കര്‍ഷകര്‍ ഒന്നിച്ചെടുത്ത തീരുമാനമാണെന്നും തങ്ങള്‍ക്കിടയില്‍ യാതൊരു തര്‍ക്കവുമില്ലെന്നും ശിവ് കുമാര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ അഞ്ചിന ഫോര്‍മുലകള്‍ തള്ളിയതിന് പിന്നാലെ കര്‍ഷകപ്രക്ഷോഭം ശക്തമാക്കാന്‍ ഡിസംബര്‍ 14ന് രാജ്യ വ്യാപകമായി ബിജെപി ഓഫീസുകള്‍ ഉപരോധിക്കുമെന്ന് കര്‍ഷകര്‍ ഇന്നലെ അറിയിച്ചിരുന്നു. ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്‍പില്‍ കുത്തിയിരുപ്പ് സമരം നടത്താനാണ് കര്‍ഷകരുടെ തീരുമാനം. ബിജെപി നേതാക്കളെയും ജനപ്രതിനിധികളെയും ഉപരോധിക്കുമെന്നും വഴി തടഞ്ഞ് കരിങ്കൊടി കാട്ടി പ്രതിഷേധിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു.
റിലയന്‍സ് ജിയോ, അദാനി കമ്പനി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ദേശീയപാതകളിലെ ടോള്‍പിരിവുകള്‍ തടയാനും കര്‍ഷകര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ടോള്‍ പ്ലാസകള്‍ പിടിച്ചെടുത്ത് വാഹനങ്ങളെ ടോളില്ലാതെ കടത്തിവിടും.12ന് ഡൽഹി-ജയ്പൂര്‍ ദേശീയപാത ഉപരോധിക്കും. രാജ്യത്തെ മുഴുവന്‍ കര്‍ഷകരും സമരത്തെ പിന്തുണയ്ക്കാന്‍ ഡല്‍ഹിയിലെത്താനും ആഹ്വാനമുണ്ട്.
