നെതര്‍ലന്‍ഡ്‌സ് രാജാവും രാജ്ഞിയും ഒക്ടോബര്‍ 17, 18 തിയ്യതികളില്‍ കൊച്ചിയില്‍

ഡച്ച് കമ്പനി ഭാരവാഹികള്‍, പ്രൊഫഷനലുകള്‍, സാങ്കേതിക വിദഗ്ധര്‍ അടങ്ങുന്ന 1520 അംഗ സംഘവും കൂടെയുണ്ടാവും. 40 ഓളം പേരുടെ സാമ്പത്തികപ്രതിനിധി സംഘവും ദൗത്യത്തിന്റെ ഭാഗമാവും.

Update: 2019-07-31 06:43 GMT

ന്യൂഡല്‍ഹി: കേരളത്തിന്റെ പ്രളയപുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളും തുറമുഖ വികസനവും സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നെതര്‍ലന്‍ഡ്‌സ് രാജാവും രാജ്ഞിയും ഒക്ടോബര്‍ 17, 18 തിയ്യതികളില്‍ കൊച്ചിയിലെത്തുമെന്ന് നെതര്‍ലന്‍ഡ്‌സ് സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗിന്‍ അറിയിച്ചു. ഡച്ച് കമ്പനി ഭാരവാഹികള്‍, പ്രൊഫഷനലുകള്‍, സാങ്കേതിക വിദഗ്ധര്‍ അടങ്ങുന്ന 1520 അംഗ സംഘവും കൂടെയുണ്ടാവും. 40 ഓളം പേരുടെ സാമ്പത്തികപ്രതിനിധി സംഘവും ദൗത്യത്തിന്റെ ഭാഗമാവും.

കൊച്ചിയില്‍ ജില്ലാ കലക്ടര്‍ എസ് സുഹാസും ഡല്‍ഹിയില്‍ റസിഡന്റ് കമ്മീഷണറും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. കേരള സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പും നെതര്‍ലന്‍ഡ്‌സ് ദേശീയ ആര്‍ക്കൈവ്‌സും സഹകരിച്ച് കൊച്ചിയിലെ ഡച്ച് ഹെറിറ്റേജുകളും കേരളത്തിലെ 20 ഓളം മ്യൂസിയങ്ങളും വികസിപ്പിക്കും. നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാം പോര്‍ട്ടിന്റെ സഹകരണത്തോടെ അഴീക്കല്‍ തുറമുഖത്തിന്റെ രൂപകല്‍പനയ്ക്കും വികസനത്തിനും ധാരണയായി. നീണ്ടകരയിലും കൊടുങ്ങല്ലൂരുമുള്ള സമുദ്ര പഠനകേന്ദ്രങ്ങളെ ശക്തിപ്പെടുത്താനും ധാരണയായി.

നെതര്‍ലന്‍ഡ്‌സ് ഡെലിഗേഷന്റെ ഒക്ടോബറിലെ സന്ദര്‍ശനവേളയില്‍ ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവയ്ക്കാനാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശന വേളയില്‍ നെതര്‍ലന്‍ഡ്‌സുമായി സഹകരിച്ച് തുറമുഖ വികസനവും കേരളത്തിലെ ഡച്ച് ആര്‍ക്കൈവ്‌സിന്റെ വികസനവും നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് പുതിയ കാല്‍വയ്പ്. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ പൂര്‍ത്തിയായിവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags: